തരൂരിന്റെ അടിയന്തരാവസ്ഥ
Saturday, July 12, 2025 12:00 AM IST
അടിയന്തരാവസ്ഥയെക്കുറിച്ച് ശശി തരൂർ എഴുതിയ ലേഖനത്തിൽ വിട്ടുപോയതും അദ്ദേഹം കോൺഗ്രസ് വിട്ടുപോകുമോ എന്നതും ചർച്ചയായി. അടിയന്തരാവസ്ഥയെ എതിർക്കുന്ന ഒരാൾക്ക് ബിജെപിയിലേക്കു പോകാനാകുമോ എന്ന ചോദ്യവും ബാക്കി.
വ്യാഴാഴ്ചത്തെ ദീപിക വായിച്ചവർക്ക്, ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തന്റെ മുറി ചാരിയിട്ടു പുറത്തിറങ്ങിയതുപോലെ തോന്നുന്നുണ്ട്. ‘അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്’ എന്ന ലേഖനത്തിൽ, അതു പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ അദ്ദേഹം നിശിതമായി വിമർശിച്ചിട്ടുണ്ട്.
പക്ഷേ, 50 വർഷം മുന്പത്തെ അടിയന്തരാവസ്ഥയുടെ പോസ്റ്റ്മോർട്ടം നടത്തിയ തരൂർ, കൺമുന്നിലുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ഒന്നു നുള്ളിനോവിക്കുന്നതേയുള്ളൂ. സന്ദേഹമുണ്ടെങ്കിലും, കോൺഗ്രസിനും ബിജെപിക്കും മധ്യേ നിൽക്കുന്ന തരൂർ ഒരു തീരുമാനം എടുത്തിട്ടുണ്ട്. പക്ഷേ, അതിനുള്ള മുഹൂർത്തം തങ്ങളായിട്ടു കുറിച്ചുകൊടുക്കില്ലെന്നു കോൺഗ്രസും കരുതുന്നുണ്ടാകും.
അടിയന്തരാവസ്ഥയോടുള്ള വിയോജിപ്പല്ല ശശി തരൂരിന്റെ വിഷയം. അതായിരുന്നെങ്കിൽ, അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ താൻ അനുഭവിച്ചതായി പറയുന്ന അഗാധമായ മരവിപ്പിൽനിന്നു പുറത്തുവന്ന് കോൺഗ്രസിന്റെ പാർലമെന്റംഗത്വവും മന്ത്രിസ്ഥാനവുമൊക്കെ ഏറ്റെടുത്ത അദ്ദേഹം പാർട്ടിയിൽ അവഗണിക്കപ്പെടുകയും ബിജെപിയിൽ ഗണിക്കപ്പെടുകയും ചെയ്തെന്നു ബോധ്യപ്പെട്ടപ്പോഴല്ല അടിയന്തരാവസ്ഥയുടെ പാഠം ഉൾക്കൊള്ളേണ്ടിയിരുന്നത്. മാത്രമല്ല, കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ഏകാധിപത്യശൈലിയെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന നിരീക്ഷണങ്ങളെയും അദ്ദേഹത്തിനു തള്ളിക്കളയാനും ആകുമായിരുന്നില്ല.
അരനൂറ്റാണ്ടു മുന്പത്തെ ജനാധിപത്യവിരുദ്ധതയെ തിരിച്ചറിയുന്നവർ കൺമുന്നിലുള്ള യാഥാർഥ്യങ്ങൾ കാണാതിരിക്കുകയോ? എന്തു തീരുമാനിച്ചാലും, സ്ഥാനമാനങ്ങളോ നിലപാടോ ഏതാണ് മുഖ്യം എന്ന ചോദ്യം തരൂരിന്റെ രാഷ്ട്രീയഭാവിയിൽ എന്നുമുണ്ടാകും. അദ്ദേഹമെഴുതിയ ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ മാത്രമല്ല, വൈരുദ്ധ്യാത്മക പ്രധാനമന്ത്രി: നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഇന്ത്യയും (The Paradoxical Prime Minister: Narendra Modi and His India) എന്ന, മോദിഭരണത്തെ വിമർശിക്കുന്ന ഗ്രന്ഥവുമൊക്കെ അദ്ദേഹത്തിനു ഭാരമായി മാറും.
തരൂരിന്റെ ലേഖനത്തിൽ ഇങ്ങനെയുണ്ട്: “നിയമനിർമാണസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യൂട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാൻ കഴിയും എന്നതാണ് മൂന്നാമത്തെ പാഠം. ഒരുപക്ഷേ നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായത്.” ഈ നിരീക്ഷണം മോദിക്കെതിരാണെന്നു വായനക്കാർക്കു മനസിലാകുമെങ്കിലും ഇന്ദിരാഗാന്ധിയെ വിമർശിക്കുന്നത്ര മൂർച്ചയില്ലെന്നു മാത്രമല്ല, പേരുപോലും ഉച്ചരിക്കുന്നുമില്ല. അതൊരു മുൻകരുതലാകാം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതു മുതൽ ബിജെപി അദ്ദേഹത്തെ നോട്ടമിട്ടു.
ഹൈക്കമാൻഡ് സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ മത്സരിച്ച തരൂർ നേടിയ വോട്ടിന്റെ എണ്ണം നേതൃത്വത്തെ അന്പരപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങളോടു വിശദീകരിക്കാൻ പോയ സംഘത്തിൽ കോൺഗ്രസ് നിർദേശിക്കാതിരുന്നിട്ടും ബിജെപി തരൂരിനെ ഉൾപ്പെടുത്തി. അന്തർദേശീയ വിഷയങ്ങളിലെ പരിജ്ഞാനം കണക്കിലെടുത്താൽ കോൺഗ്രസിൽതന്നെ ഏറ്റവും പ്രഗത്ഭനായ തരൂരിനെ ഒഴിവാക്കിയത് കോൺഗ്രസിന്റെ രാഷ്ട്രീയ മണ്ടത്തരമായി വിലയിരുത്തപ്പെട്ടു. പിന്നീട് തരൂരിന്റെ പ്രസ്താവനകൾ കൂടുവിട്ട് അനന്തവിഹായസിലേക്കു പറക്കുന്ന പക്ഷിയുടേതുപോലെയായിരുന്നു.
തരൂരിനെ അവഗണിച്ചതും ബിജെപിക്ക് മുതലെടുപ്പിന് അവസരം കൊടുത്തതും കോൺഗ്രസിൽ ഇനി ചർച്ചയാകില്ല. കോൺഗ്രസിനെ സംബന്ധിച്ച് തരൂരിനുണ്ടായിരുന്ന യുഎൻ അണ്ടർ സെക്രട്ടറി പദവിയോ അദ്ദേഹത്തിന്റെ ഭാഷാ-ചരിത്ര പാണ്ഡിത്യമോ ജനങ്ങൾക്കിടയിലെ സ്വാധീനമോ അല്ല, കോൺഗ്രസിനു മുകളിൽ ബിജെപി നനച്ചുവളർത്താൻ ശ്രമിക്കുന്ന ഒരു മരം എന്നതായിരുന്നു പരിഗണനാവിഷയം. കോൺഗ്രസിലേക്കു ചാഞ്ഞുനിൽക്കുന്ന ഇത്തരമൊരാൾ തങ്ങളുടെ പാർട്ടിയിലുണ്ടെങ്കിൽ ബിജെപി വച്ചുപൊറുപ്പിക്കുമോ എന്ന ചോദ്യമുണ്ട്.
തരൂർ ദീപികയിലെഴുതിയ ലേഖനത്തെക്കുറിച്ച് തനിക്കും ചിലതു പറയാനുണ്ടെന്നും പക്ഷേ, വർക്കിംഗ് കമ്മിറ്റിയംഗമായതിനാൽ അതു ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അവർ തീരുമാനിച്ചുകൊള്ളുമെന്നുമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്. അടുത്ത തവണ കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കോൺഗ്രസ്, ശശി തരൂർ വിഷയം ഇവിടെ അലക്കി കുളം കലക്കില്ല.
അടിയന്തരാവസ്ഥയിലേക്കു തിരികെ വന്നാൽ, 50-ാം വാർഷികത്തിൽ ആ ചരിത്രം ചർച്ച ചെയ്യുന്നത് ചരിത്രത്തെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കാനല്ല. വർത്തമാനകാലത്തിനു നേർക്കു പിടിച്ച കണ്ണാടിയായി പരിവർത്തിപ്പിക്കാനാണ്. 1975ലെ ആ കണ്ണാടിയിൽ തെളിയുന്ന 2025ന് ജനാധിപത്യത്തിന്റെ പ്രസന്നവദനമല്ല. കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച്, അന്നത്തെ ആഭ്യന്തര ഭീഷണിയുടെയും വിദേശ ഗൂഢാലോചനയുടെയും അട്ടിമറിസാധ്യതയുടെയും ജനാധിപത്യഭീഷണിയുടെയുമൊക്കെ ന്യായങ്ങളുണ്ട്. പക്ഷേ, അതൊന്നും ജനത്തിനു സ്വീകാര്യമായിട്ടില്ല. ഇന്ദിരയെയും കോൺഗ്രസിനെയും ജനം തള്ളിക്കളഞ്ഞുമില്ല. അടിയന്തരാവസ്ഥയെ എതിർത്ത പ്രതിപക്ഷ കൂട്ടായ്മ പിന്നീട് തരിപ്പണമാകുന്നതും ഇന്ദിര തിരിച്ചുവരുന്നതും രാജ്യം കണ്ടു.
50-ാം വാർഷികത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരേ എഴുതിയ മുഖപ്രസംഗത്തിലെ വാക്കുകൾ ആവർത്തിക്കട്ടെ, “കോൺഗ്രസ് മറക്കരുത്; ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവർ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 77ൽ അന്പേ പരാജയപ്പെട്ടെങ്കിലും അടുത്ത തവണ ജനം തെരഞ്ഞെടുത്തു. അടിയന്തരാവസ്ഥയെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് കോൺഗ്രസ് ഭരിക്കുന്ന കാലത്താണ്. 1976ൽ അടിയന്തരാവസ്ഥ കാലത്തുതന്നെ 42-ാം ഭേദഗതിയിലൂടെ ഇന്ദിര മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി. ഏകാധിപത്യത്തിലേക്കു വഴുതിയെങ്കിലും വീഴാതെ തിരിച്ചെത്തിയ കോൺഗ്രസ് 50-ാം വാർഷികത്തിലെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ജനങ്ങളോടു മാപ്പു പറഞ്ഞിരുന്നെങ്കിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയെ നേരിടാൻ കരുത്തേറുമായിരുന്നു.”
ഇന്ദിരയും മോദിയും രാഹുലും ശശി തരൂരുമൊന്നുമല്ല, ഈ രാജ്യത്തിനു വിഷയം ആഗോളതലത്തിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന അതിന്റെ ജനാധിപത്യ ശിരസാണ്. അതു താഴരുതേയെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ശശി തരൂരിന്റെ ലേഖനം ദീപിക പ്രസിദ്ധീകരിച്ചത്. അതുകൊണ്ടാണ് വിയോജനക്കുറിപ്പുകൾക്കും ഇതിൽ ഇടമുള്ളത്. അതേ, അടിയന്തരാവസ്ഥ ഒരു വാക്കല്ല, ചിലപ്പോൾ എഴുതപ്പെടാത്തൊരു വാറണ്ടുമാകാം. തരൂരിന്റെ അടിയന്തരാവസ്ഥയല്ല, രാജ്യത്തിന്റെ അവസ്ഥയാണു ചർച്ച ചെയ്യേണ്ടത്.