വെളിച്ചെണ്ണ തിളയ്ക്കുന്പോൾ
Thursday, July 10, 2025 12:00 AM IST
വെളിച്ചണ്ണവില ചരിത്രം തിരുത്തി കുതിക്കുകയാണ്. കിലോയ്ക്ക് 450 രൂപവരെ വിലയായി. പച്ചത്തേങ്ങ കിലോയ്ക്ക് 75 രൂപ. തേങ്ങ വിറ്റ് തമിഴ്നാട്ടിലെയും കർണാടകത്തിലെയും കർഷകർ വലിയ നേട്ടമുണ്ടാക്കുകയാണ്.
പക്ഷേ, മാറിമാറി വന്ന സർക്കാരുകൾ മണ്ട വെട്ടിയ തെങ്ങുകൃഷിയിൽനിന്നു കേരളത്തിനു കാര്യമായ നേട്ടമില്ല; ഉത്പാദനം കൂപ്പുകുത്തി. സർക്കാർ നാളികേര കർഷകരെ പ്രത്യേകം ദ്രോഹിച്ചതല്ല; എല്ലാ കർഷകരെയും കൈയൊഴിഞ്ഞ കൂട്ടത്തിൽ അവരും പെട്ടു.
വിലയിടിവ്, രോഗങ്ങൾ, താറുമാറായ സംഭരണം, വന്യജീവി ആക്രമണം, കൃഷി ഉപേക്ഷിക്കൽ, എന്നിങ്ങനെ പല കാരണങ്ങളാൽ കേരളത്തിലെ നാളികേര ഉത്പാദനം കുത്തനെ കുറഞ്ഞു. നാളികേരത്തിന്റെ നാട് ഈ ഓണത്തിന് പച്ചക്കറിയും പഴങ്ങളും പലചരക്കിനുമൊപ്പം വലിയതോതിൽ തേങ്ങയും തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും വാങ്ങും.
നമ്മുടെ ഓണം അവരുടെ പണപ്പെട്ടി നിറയ്ക്കും. കർഷകർക്കു പിന്തുണ കൊടുക്കുകയും അതേസമയം, സബ്സിഡി നൽകി സപ്ലൈകോ വഴിയും റേഷൻ കടകൾ വഴിയും വില കുറച്ചു വെളിച്ചെണ്ണ വിൽക്കുകയും ചെയ്യേണ്ട സമയമാണിത്.
കേന്ദ്രം ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ 20 ശതമാനം ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിയതോടെയാണ് വില വർധിക്കാൻ തുടങ്ങിയത്. നമുക്ക് ആവശ്യമായ ഭക്ഷ്യ എണ്ണയുടെ 57 ശതമാനവും ഇറക്കുമതിയായിരുന്നതിനാൽ മറ്റു ചെലവുകളും വർധിച്ചതോടെ പാം, സൂര്യകാന്തി, സോയാബീൻ എന്നീ എണ്ണകളുടെ വില ഉയർന്നു.
ഇതോടെ കേന്ദ്രം ഇറക്കുമതിത്തീരുവ 10 ശതമാനമായി കുറച്ചു. മേയ് 31 മുതൽ വില കുറയുമെന്നു കരുതിയെങ്കിലും ഫലമുണ്ടായില്ല. രാജ്യാന്തര സമ്മർദമുണ്ടായാൽ ഈ തീരുവയിൽ കേന്ദ്രം കർഷകർക്കൊപ്പം നിൽക്കുമെന്ന് ഒരുറപ്പുമില്ല. റബറിന്റെ കാര്യം ഓർത്താൽ മതി. രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ആവശ്യം 20 വർഷത്തിനിടെ മൂന്നിരട്ടിയായി വർധിക്കുകയും ചെയ്തു.
ബേക്കറി പലഹാരങ്ങളുടെ ഉപയോഗമേറിയതും ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുന്ന സംസ്കാരം വളർന്നതും ഭക്ഷ്യ എണ്ണയുടെ ഉപയോഗം വർധിപ്പിച്ചു. ഇത് പൊതുജനാരോഗ്യത്തെ അപകടത്തിലാക്കിയെന്നതു വേറെ കാര്യം.
വെളിച്ചെണ്ണയുടെ വിലവർധന കേരളത്തിനു നേട്ടമുണ്ടാക്കാമായിരുന്ന കാര്യമാണ്. പക്ഷേ, ഒരിക്കൽ രാജ്യത്ത് നാളികേര കൃഷിയിലും ഉത്പാദനത്തിലും ഒന്നാമതായിരുന്ന കേരളം, കർണാടകത്തിനും തമിഴ്നാടിനും പിന്നിൽ മൂന്നാമതായി. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ, ആ രണ്ടു സംസ്ഥാനങ്ങളിലെയും സർക്കാരുകൾ കർഷകർക്കൊപ്പം നിന്നു.
2017-18 സാമ്പത്തികവര്ഷം 845.2 കോടി തേങ്ങ ഉത്പാദിപ്പിച്ച കേരളത്തിൽ 2023-24ൽ ഉത്പാദനം 564.7 കോടിയിലേക്കു കൂപ്പുകുത്തി. അതായത്, അഞ്ചുവര്ഷംകൊണ്ട് 300 കോടി കുറഞ്ഞു. 1956ൽ രാജ്യത്തെ തെങ്ങുകൃഷി വിസ്തൃതിയുടെ 69 ശതമാനവും ഉത്പാദനത്തിന്റെ 73 ശതമാനവും കേരളത്തിലായിരുന്നു.
2020-21ലെ കണക്കനുസരിച്ച് ഇത് യഥാക്രമം 35 ശതമാനവും 33 ശതമാനവുമായി. നമ്മുടെ അഭിമാനമായിരുന്ന നെല്ലുത്പാദനത്തിലുൾപ്പെടെ ഈ കുറവ് ദൃശ്യമാണ്. കേരളത്തിന്റെ തകരുന്ന കാർഷികമേഖലയെക്കുറിച്ച് ദീപിക റിപ്പോർട്ടുകളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും നിരവധി മുന്നറിയിപ്പുകൾ ഇക്കാര്യത്തിൽ നൽകിയിട്ടുണ്ട്.
ജനം അറിയുന്നുണ്ട്; മാറ്റം വരുത്തേണ്ട ഭരണകൂടം അറിയുന്നുണ്ടെങ്കിലും തല പൂഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 1,12,000 കർഷകർ ജീവനൊടുക്കിയ രാജ്യമാണ് ഇന്ത്യയെന്ന് ഇന്നലെ ‘അന്നമൂട്ടുന്നവരെ ആർക്കും വേണ്ട’ എന്ന തലക്കെട്ടിൽ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കാണത്. എവിടെപ്പോയി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകസ്നേഹം?
തേങ്ങയിലേക്കു തിരിച്ചുവന്നാൽ, തമിഴ്നാട് നാളികേര കർഷകർക്കു ചെയ്തുകൊടുക്കുന്നത് അറിയാൻ കൃഷിവകുപ്പു മന്ത്രിയോ ഉദ്യോഗസ്ഥരോ കന്പം, തേനി, കോയന്പത്തൂർ, നാമക്കൽ, ദിണ്ഡിഗൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒന്നു പോയി നോക്കിയാൽ മതി. കേരളത്തോടു പടവെട്ടിയാണ് കന്പത്തെയും തേനിയിലെയും തരിശുനിലങ്ങളെപ്പോലും മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് അവർ ഒന്നാന്തരം തെങ്ങിൻതോപ്പുകളാക്കിയിരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ തമിഴ്നാട്ടിലും കർണാടകത്തിലും നാളികേരോത്പാദനം വർധിച്ചത് സർക്കാരുകൾ കർഷകനു കൊടുത്ത പിന്തുണകൊണ്ടാണ്. മൂല്യവർധിത ഉത്പന്നങ്ങളെല്ലാം അവർ വിജയകരമായി നടപ്പാക്കി.
പക്ഷേ, 50,000 കോടി വിറ്റുവരവ് പ്രതീക്ഷിച്ച് 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന നീരയുടെ ഇന്നത്തെ സ്ഥിതി നോക്കിയാൽ മാത്രം മതി, നമ്മുടെ കെടുകാര്യസ്ഥതയുടെ ആഴമറിയാൻ. നല്ല തുടക്കമായിരുന്നെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായില്ല.
ഉപോത്പന്നങ്ങളാകുമെന്നു കരുതിയ ശര്ക്കരപ്പാവ്, പഞ്ചസാര, തേൻ... ഒന്നുമില്ല. സർക്കാരിനെ വിശ്വസിച്ച് രംഗത്തിറങ്ങിയവർ കടക്കെണിയിലായി. അതിന്റെ പേരിൽ 12 കമ്പനികളും 260 ഫെഡറേഷനുകളും കൂടാതെ അയ്യായിരത്തിൽപരം സൊസൈറ്റികളും രൂപീകരിച്ചു. എല്ലാം കെടുകാര്യസ്ഥതയിലൊതുങ്ങി.
റബറിനും നെല്ലിനുമൊപ്പം തെങ്ങും നാടുനീങ്ങുകയാണ്. കൃഷി നഷ്ടമാണെന്ന മുന്നറിയിപ്പുകളുടെ കാലം കഴിഞ്ഞു. സർക്കാരുകളുടെ നിഷ്ക്രിയതയ്ക്കൊടുവിൽ കർഷകരിൽ വലിയൊരു പങ്ക് കാർഷികവൃത്തി ഉപേക്ഷിച്ചു. മറ്റു നിവൃത്തിയില്ലാത്തവരും കൃഷിയാണു ജീവിതമെന്നു കരുതുന്നവരുമാണ് ഇപ്പോഴും തുടരുന്നത്.
പക്ഷേ, ഇച്ഛാശക്തിയുള്ള ഭരണകൂടത്തിനു പരിഹരിക്കാവുന്നതാണ് ഇന്നത്തെ ദുരവസ്ഥ. തമിഴ്നാടും കർണാടകവും മാത്രമല്ല, ആന്ധ്രയും ഒഡീഷയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തെങ്ങിൽനിന്നു വരുമാനം കണ്ടെത്തി. തമിഴ്നാട് വിദേശങ്ങളിലേക്കു തേങ്ങ കയറ്റി അയയ്ക്കാനും തുടങ്ങി. താങ്ങുവില കൊടിയ നഷ്ടം ഒഴിവാക്കാനുള്ള ആശ്വാസധനമാണ്.
കർഷകർക്ക് അതിനൊപ്പം സബ്സിഡിയും മികച്ച വിപണിയും ഉറപ്പാക്കുകയാണ് കേരളം ചെയ്യേണ്ടത്. ഒപ്പം, താങ്ങാവുന്ന വിലയ്ക്ക് വെളിച്ചെണ്ണ ഉപഭോക്താവിനു ലഭ്യമാകുകയും വേണം. 450 രൂപ കൊടുത്ത് വെളിച്ചെണ്ണ വാങ്ങി കറിക്കു കടുകു പൊട്ടിക്കാൻ നിവൃത്തിയില്ലാത്ത ലക്ഷക്കണക്കിനു കുടുംബങ്ങൾ കേരളത്തിലുണ്ട്.
കൃഷിയിടങ്ങളെ സഹായിക്കാത്തവർ അടുക്കളയെ സഹായിക്കുമോ? രണ്ടും സാധ്യമാണ്; ഇച്ഛാശക്തിയുണ്ടെങ്കിൽ.