വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വീതംവയ്പ്
Wednesday, July 9, 2025 12:00 AM IST
കേരളത്തിലെ വിദ്യാഭ്യാസരംഗം രാഷ്ട്രീയാതിപ്രസരത്താൽ പ്രഭ നഷ്ടപ്പെടുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടലുകളും ഗവർണർമാരുടെ ആധിപത്യം ഉറപ്പാക്കലുമൊക്കെ സ്ഥിതി വഷളാക്കുന്നത്. കലാലയരാഷ്ട്രീയത്തെ അക്രമവത്കരിച്ച് വെറുക്കപ്പെട്ടതാക്കി മാറ്റിയ വിദ്യാർഥിസംഘടനകൾ, കക്ഷിരാഷ്ട്രീയത്തിന്റെ അടിമകളായ അധ്യാപകർ, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവയൊക്കെ നമ്മുടെ അക്കാദമിക മേഖലയ്ക്കു മുകളിൽ പാർട്ടിക്കൊടികൾ നാട്ടി. അതിനിടെ, ഹിന്ദുത്വയ്ക്ക് അനുകൂലമായി കരിക്കുലങ്ങളും ചരിത്രപുസ്തകങ്ങളും തിരുത്തുന്ന സംഘപരിവാർ രാഷ്ട്രീയ പദ്ധതിയുടെ കേന്ദ്ര പോരാളികളായി ദക്ഷിണേന്ത്യയിൽ പലയിടത്തും ഗവർണർമാർ കളത്തിലിറങ്ങി.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിന്റെ ആവശ്യമില്ലല്ലോ. ഇതിന്റെ തുടർച്ചയായി കേരള സർവകലാശാലയിൽ നടക്കുന്ന നിയമന-പുറത്താക്കൽ പോരാട്ടത്തിൽ, എന്തൊക്കെ ന്യൂനതകൾ ഉണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണു വിജയിക്കേണ്ടത്. പക്ഷേ, ആ വിജയത്തിനുശേഷവും രാഷ്ട്രീയാടിമത്തത്തിൽനിന്നു സ്വതന്ത്രമായ സർവകലാശാലകളെയോ വിദ്യാഭ്യാസ മേഖലയെയോ നമുക്കു ലഭിക്കില്ലല്ലോയെന്ന സത്യം ഖേദകരമാണ്.
ഭാരതാംബയുടെ ചിത്രം വച്ച രാജ്ഭവനിലെ ചടങ്ങിൽനിന്ന് മന്ത്രിമാർ ഇറങ്ങിപ്പോയതാണ് ഇപ്പോഴത്തെ തർക്കത്തിന്റെ തുടക്കം. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്തെഴുതി. തുടർന്ന് ജൂണ്‍ 26ന്, ഭാരതാംബയുടെ ചിത്രം വേദിയില്‍നിന്നു നീക്കാൻ സംഘാടകർ തയാറാകാഞ്ഞതിനാൽ സര്‍വകലാശാല സെനറ്റ് ഹാളില്‍ ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കേണ്ട ചടങ്ങിനു രജിസ്ട്രാർ ഡോ. കെ.എസ്. അനില്‍കുമാര്‍ അനുമതി നിഷേധിച്ചു.
എന്നാല്‍, ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് തന്റെ അറിവില്ലാതെ റദ്ദാക്കാന്‍ ശ്രമിച്ചതിനു വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ, വിസിയുടെ തീരുമാനം സിൻഡിക്കറ്റ് റദ്ദാക്കി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റഷ്യൻ യാത്രയിലായിരുന്നതിനാൽ താത്കാലിക വിസിയായ ഡോ. സിസ തോമസ് സിൻഡിക്കറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന റിപ്പോർട്ട് ഗവർണർക്കു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാറെ തിരിച്ചെടുത്ത സിൻഡിക്കറ്റ് തീരുമാനം ഗവർണർ റദ്ദാക്കുമെന്നാണ് കരുതുന്നത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവച്ച സർവകലാശാലകളിലെ അധികാരത്തർക്കം ഗവർണർ രാജേന്ദ്ര വി. അർലേക്കർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി വർഷങ്ങളായി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധിക്കുശേഷവും ഗവർണർമാർ പഠിച്ചിട്ടില്ല. അതിന്റെ തുടർച്ചയ്ക്ക് കേരളത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബ നിമിത്തമായെന്നു മാത്രം.
സർക്കാരും ഗവർണറും തമ്മിലുള്ള ഈ തർക്കം പരിഹരിക്കാൻ കോടതിക്കെങ്കിലും കഴിഞ്ഞേക്കും. പക്ഷേ, സ്വതന്ത്ര ഉന്നതവിദ്യാഭ്യാസരംഗം എന്നത് ഉടനെയൊന്നും സാധ്യമാകില്ല. സർവകലാശാലകൾ ആരുടെ കാൽക്കീഴിലാണെന്നതിൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. രാഷ്ട്രീയ വിധേയരായ വിദ്യാർഥികളെയും അധ്യാപകരെയും വൈസ് ചാൻസലർമാരെയുമൊക്കെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ ഹൈജാക്ക് ചെയ്ത കോളജുകളും സർവകലാശാലകളുമൊക്കെ ഉപേക്ഷിച്ച് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്നത് സമാന്തര കാഴ്ച.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈസ് ചാൻസലറും പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരുമില്ലാത്തതിനാൽ ഇൻ-ചാർജ് ഭരണത്തിലിരിക്കേ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുചേർത്തിട്ടുള്ള 25 ലക്ഷത്തോളം ഉദ്യോഗാർഥികളെ അവഗണിച്ച് വേണ്ടപ്പെട്ടവർക്കുവേണ്ടിയുള്ള പിൻവാതിൽ നിയമനം തുടരവേ എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നു പ്രതീക്ഷിക്കാനാകുക? പിന്നാക്ക സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി ഒന്നാം നന്പറെന്നു വീന്പിളക്കിയാൽ തീരുന്നതല്ല പ്രശ്നം. എട്ടു വർഷത്തിനിടെ പിൻവാതിലിലൂടെ 1.8 ലക്ഷം നിയമനം നടത്തിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഗവർണർ ഭരണം ആവശ്യമില്ല. പക്ഷേ, മാർക്കു തിരുത്തൽ, ക്രൂരമായ റാഗിംഗ്, വ്യാജ സർട്ടിഫിക്കറ്റ്, അക്രമം, ലൈംഗികാതിക്രമം തുടങ്ങിയ തിന്മവഴികളും നീന്തിക്കയറിയ എസ്എഫ്ഐ, വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാൻ ഗവർണറുടെ ഓഫീസിലേക്കു കുതിക്കുന്പോൾ വിരോധാഭാസമായി തോന്നും. വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കേണ്ടതു ഗവർണർമാരിൽനിന്നോ സംഘപരിവാറിൽനിന്നോ മാത്രമല്ല. ആൾക്കൂട്ട വിചാരണയ്ക്കു മടിക്കാത്ത, സഹപാഠികളെ മരണത്തിലേക്കു തള്ളിവിടുന്ന, അക്രമമാണു രാഷ്ട്രീയമെന്നു കരുതുന്ന വിദ്യാർഥികളിൽനിന്നും; രാഷ്ട്രനിർമിതിയെ ഇടുങ്ങിയ പാർട്ടിപ്രവർത്തനമായി ചുരുക്കിയ അധ്യാപകരിൽനിന്നും മേധാവികളിൽനിന്നും; പിൻവാതിൽനിയമനങ്ങൾക്കു കാത്തുനിൽക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളിൽനിന്നും; പൊതുമുതൽകൊണ്ട് ഇവരെയൊക്കെ തീറ്റിപ്പോറ്റുന്ന അധികാര രാഷ്ട്രീയത്തിൽനിന്നും കേരളത്തിലെ വിദ്യാഭ്യാസമേഖലയെ മോചിപ്പിച്ചേ തീരൂ.