രണ്ടക്ഷരം മതി വീര്യമറിയാൻ
Tuesday, July 22, 2025 12:00 AM IST
താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
ഒരു സമരം കഴിഞ്ഞെന്നു കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും തളർന്നുറങ്ങാത്ത രണ്ടക്ഷരങ്ങളായി വിഎസ് ചരിത്രത്തിലേക്ക് ഉണർന്നെണീൽക്കുകയാണ്. കേരളത്തിന്റെ കണ്ണിൽനിന്നു മറയുന്നത് ഒരു മനുഷ്യനല്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രസ്ഥാനവത്കരിച്ചതും ഒത്തുതീർപ്പിലോ അപചയത്തിലോ താഴാതിരുന്നതുമായ പ്രകന്പനമാണ്. അത് അറിയപ്പെട്ടിരുന്നത് വി.എസ്. അച്യുതാനന്ദൻ എന്ന പേരിലായിരുന്നു.
പക്ഷേ, വിഎസ് എന്ന രണ്ടക്ഷരം മതി ആ സമരകാലത്തിന്റെ വീര്യമറിയാൻ. ഇനിയത്, കേരളത്തിന്റെ ചരിത്രത്തിൽ തനിച്ചുനിൽക്കുന്നൊരു നക്ഷത്രച്ചുവപ്പായിരിക്കും. വിട. 2006 മേയ് 18ന് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ മലയാളികളല്ലാത്തവർക്ക് അതൊരു അതിശയമായിരുന്നു. കാരണം 82-ാം വയസിൽ ഒരാൾ ആദ്യമായി മുഖ്യമന്ത്രിയായിരിക്കുന്നു. അതിനുമുന്‍പ് ഒരിക്കൽപോലും ഒരു മന്ത്രിപോലും ആയിട്ടുമില്ല.
പക്ഷേ, യുവാക്കളെ പിന്നിലാക്കി നാടും നഗരവും കാടും മലയും കയറിയിറങ്ങിയ വിഎസ് ചുളിഞ്ഞ നെറ്റികളെയെല്ലാം വെട്ടിനിരപ്പാക്കിക്കളഞ്ഞു. അതിനും എട്ടു പതിറ്റാണ്ടിലേറെ പഴമയുള്ള ആലപ്പുഴയിലെ പുന്നപ്രയിലെത്തണം, വിഎസിന്റെ സമരം അഥവാ ജീവിതം തുടങ്ങുന്നതു കാണാൻ. വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ചു. നാലാം വയസിൽ വസൂരി പിടിച്ച് അമ്മയും 11-ാം വയസിൽ അച്ഛനും മരിച്ചു.
ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിർത്തിയത് കൈയിൽ ഒരണയും ബാക്കിയില്ലാതിരുന്നതിനാലാണ്. ആലോചിച്ചു നിൽക്കാൻ സമയമില്ല... നാട്ടുന്പുറത്തെ തയ്യൽക്കടയിൽ ജ്യേഷ്ഠൻ ഗംഗാധരനൊപ്പം തുന്നൽക്കാരനായി. പിന്നെ, ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായപ്പോൾ വയസ് 15. പണിയെടുത്തു മടുത്തെങ്കിലും സന്തോഷിക്കാൻ മാത്രം കൂലിയില്ല. 16-ാം വയസിൽ സഹപ്രവർത്തകരെ സംഘടിപ്പിച്ച് കൂലി കൂട്ടിച്ചോദിച്ചു.
ഒരു നേതാവ് പിറക്കുകയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിരുന്ന അച്യുതാനന്ദൻ 17-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. അയാളുടെ വിപ്ലവ വീര്യം തിരിച്ചറിഞ്ഞ പാർട്ടി നേതാവ് പി. കൃഷ്ണപിള്ള കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കുട്ടനാട്ടിലേക്കു പോകാൻ പറഞ്ഞു. 20-ാം വയസിൽ, 1943ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അച്യുതാനന്ദൻ പ്രതിനിധിയായി. നേതാവ് വളർന്നപ്പോൾ പേരു ചുരുങ്ങി വിഎസായി.
തൊഴിലാളികൾ സംഘടിച്ചതോടെ ജന്മിമാർ നേതാവിനെ നോട്ടമിട്ടു. കൊടിയ മര്‍ദനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, സമരങ്ങള്‍, പുന്നപ്ര വയലാര്‍ സമരം, ഒളിവുജീവിതം, അറസ്റ്റ്, കൊടിയ മർദനങ്ങൾ...! പുന്നപ്ര-വയലാർ സമരത്തിന്റെ പേരിൽ 1946ൽ പോലീസ് പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽവച്ച് പോലീസുകാർ തോക്കിന്റെ ബയണറ്റ് കാൽവെള്ളയിൽ കുത്തിയിറക്കി. കെട്ടിയിട്ടു മർദിച്ചു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലെറിഞ്ഞു.
പക്ഷേ, ജീവിതം കൈകൊടുത്തപ്പോൾ മുദ്രാവാക്യങ്ങൾ ഉച്ചസ്ഥായിയിലാകുകയായിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയിലിലായിരുന്നു. അഗ്നിപരീക്ഷണങ്ങളിൽ എരിഞ്ഞൊടുങ്ങാതിരുന്ന വിഎസ് പാർട്ടിയിലും പൊരുതിക്കയറി. 1954ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1980 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറി. പ്രായോഗികവാദിയാകാൻ മടിച്ചതിനാൽ സമരം പുറത്തൊതുങ്ങിയില്ല, സ്വന്തം പാർട്ടിയുടെ ദുഷ്കരമായ വേലിക്കകത്തേക്കും വ്യാപിച്ചു.
അടിയുറച്ച കമ്യൂണിസ്റ്റ് പ്രതിബദ്ധത അപചയങ്ങളെന്നു തോന്നിയതിനെയൊക്കെ ചോദ്യം ചെയ്തു. 2009ൽ പാർട്ടി പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കി. 1965 മുതൽ 2016 വരെ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിഎസ് മത്സരിച്ചു. 65ൽ അന്പലപ്പുഴയിലായിരുന്നു തുടക്കം. ആദ്യമത്സരത്തിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോടു പരാജയപ്പെട്ടു. പക്ഷേ, 67ലും 70ലും അതേ മണ്ഡലത്തിൽനിന്നു വിജയിച്ചു.
77ൽ ആർഎസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു. 91ൽ മാരാരിക്കുളത്ത് വിജയിച്ചെങ്കിലും 96ൽ പരാജയപ്പെട്ടു. 2001ൽ മലന്പുഴയിൽനിന്നു വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006ൽ മലന്പുഴയിൽനിന്നു ജയിച്ച് മുഖ്യമന്ത്രിയായി. പിന്നീട് 2011ലും 2016ലും മലന്പുഴയിൽനിന്നു തന്നെ വിജയിച്ചു. 2016 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെയും സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെയും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ഇതും ഇതിലേറെയും അടയാളങ്ങൾ അവശേഷിപ്പിച്ചാണ്, വിഎസ് പോകുന്നത്; 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ അവസാനത്തെയാൾ.
പാർട്ടിവിരുദ്ധമോ ജനകീയവിരുദ്ധമോ ആകുമെന്നറിഞ്ഞിട്ടും ശരിയെന്നു തോന്നിയ കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ട വിഎസിനു പലപ്പോഴും തിരിച്ചു നടക്കേണ്ടിവന്നിട്ടുമുണ്ട്. 1996-97ൽ മങ്കൊന്പിൽ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽവയൽനികത്തലിനെതിരേയുള്ള സമരം കൃഷി വെട്ടിനിരത്തലിലേക്ക് വഴിമാറിയതോടെ വിഎസിനു തിരുത്തേണ്ടിവന്നു.
2007ൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളൊഴിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ സിപിഐ ഓഫീസ് ഒഴിപ്പിക്കുന്നതിലേക്ക് എത്തിയതോടെ വിഎസിന്റെ ദൗത്യസംഘത്തിനു മടങ്ങേണ്ടിവന്നു. താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
പക്ഷേ, കണ്ണീരിനോളം എത്താതെ ഒതുക്കിവച്ച വൈകാരികതകൾ ചിലപ്പോഴെങ്കിലും വിങ്ങിപ്പൊട്ടി. 2012 ജൂണിൽ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രം അത്തരമൊന്നായിരുന്നു. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസംതന്നെ അദ്ദേഹം നടത്തിയ ആ സന്ദർശനം പാർട്ടിയെ പരിക്കേൽപ്പിച്ചെങ്കിലും കൊലപാതകരാഷ്ട്രീയത്തിന്റെ അഹന്തയെ, രക്തസാക്ഷിബാക്കിയായ ഒരു കുടുംബത്തിന്റെ കണ്ണീരാറ്റിയ നിശബ്ദതകൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിന് വിഎസിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ, അവഗണിക്കാനാവില്ല. ""പരാജയം ഭക്ഷിച്ചു ജീവിക്കുന്നവൻ’’ എന്നാണ് എം.എൻ. വിജയൻ വിഎസിനെ വിശേഷിപ്പിച്ചത്. അതേക്കുറിച്ചു പറയുന്ന തന്റെ ആത്മകഥ പൂർത്തിയാക്കാൻ വിഎസിനു വേണ്ടിവന്നത് വെറും 31 പേജ്. പക്ഷേ, വിഎസ് ആരായിരുന്നെന്ന് അറിയാൻ അതിന്റെ ശീർഷകം തന്നെ ധാരാളം "സമരം തന്നെ ജീവിതം’.