ഗോവിന്ദച്ചാമിയും പാർട്ടിച്ചാമിമാരും
Saturday, July 26, 2025 12:00 AM IST
കന്പി മുറിച്ചു ജയിൽ ചാടിയ ഗോവിന്ദച്ചാമി മാത്രമല്ല, ഭരണകൂടം സമ്മാനിച്ച പരോളിലൂടെ പുറത്തു കടക്കുന്ന പാർട്ടിച്ചാമിമാരും ആപത്താണ്. ഒന്നു സുരക്ഷാവീഴ്ച, മറ്റേതു രാഷ്ട്രീയവാഴ്ച.
സൗമ്യവധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെക്കുറിച്ച് ആദ്യമായി പറയാനുള്ളത്, അത് ഗുരുതരവും ലജ്ജാകരവുമായ സുരക്ഷാവീഴ്ചയാണ് എന്നതാണ്.
രണ്ടാമത്തേത്, ഗോവിന്ദച്ചാമിക്ക് രാഷ്ട്രീയ പിടിപാടുണ്ടായിരുന്നെങ്കിൽ ചാട്ടത്തിനു പകരം പരോൾ മതിയായിരുന്നു എന്ന കറുത്ത ഫലിതമാണ്. അതിനാൽ, കന്പി മുറിച്ചു ജയിൽ ചാടിയ ഗോവിന്ദച്ചാമി മാത്രമല്ല, ഭരണകൂടം സമ്മാനിച്ച പരോളിലൂടെ പുറത്തു കടക്കുന്ന പാർട്ടിച്ചാമിമാരും ആപത്താണ്. ഒന്നു സുരക്ഷാവീഴ്ച, മറ്റേതു രാഷ്ട്രീയവാഴ്ച.
ഇന്നലെ പുലർച്ചെയാണ് കേരളത്തിലെ വെറുക്കപ്പെട്ട കുറ്റവാളികളിലൊരാളായ തമിഴ്നാട്, കടലൂർ, സമത്വപുരം, അറുമുഖൻ മകൻ ഗോവിന്ദച്ചാമി (ചിലർക്ക് ചാർളി തോമസ്) കണ്ണൂരിലെ അതീവസുരക്ഷാ ജയിലിൽനിന്നു ചാടിയത്. തടവറയുടെ കന്പികൾ മുറിച്ചു പുറത്തിറങ്ങിയ അയാൾ വൈദ്യുതവേലിയാൽ സംരക്ഷിതമായ കൂറ്റൻ മതിലും തുണി കെട്ടി ചാടിയിറങ്ങി. രാവിലെ പത്തരയോടെ ഏറെ ദൂരെനിന്നല്ലാതെ പിടിയിലുമായി.
ഒറ്റക്കൈ മാത്രമുള്ള ഗോവിന്ദച്ചാമി ആരുടെയും സഹായമില്ലാതെ അതീവസുരക്ഷാ ജയിലിൽനിന്ന് ഇത്ര നിസാരമായി പുറത്തു ചാടിയെങ്കിൽ അത്രയ്ക്ക് അതീവ സുരക്ഷയില്ലാത്തിടത്തെ സ്ഥിതി എന്തായിരിക്കും! മദ്യവും മയക്കുമരുന്നും മൊബൈൽ ഫോണുകളും ജയിലിൽ എത്തുന്നത് അറിയാത്ത ഉദ്യോഗസ്ഥർ ഇതും അറിഞ്ഞില്ല.
തമിഴ്നാട്ടിലും ആന്ധ്രയിലും നിരവധി കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള കൊടുംകുറ്റവാളിയെ നാട്ടുകാർ നൽകിയ വിവരമനുസരിച്ചാണ് പോലീസ് പിടികൂടിയത്. 2011 ഫെബ്രുവരിയിൽ എറണാകുളത്തുനിന്നു ഷൊർണൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സൗമ്യ എന്ന പാവപ്പെട്ട പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളിയിടുകയും മാനഭംഗപ്പെടുത്തി കൊല്ലുകയും ചെയ്തത്. ഒരൊറ്റ കാര്യമാണു ശ്രദ്ധിക്കേണ്ടത്; അതീവസുരക്ഷാ ജയിലുകളേക്കാൾ വേണ്ടത് അത്യാവശ്യം കഴിവുള്ള ജീവനക്കാരെയാണ്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ഗുരുതരമായ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയാണെങ്കിൽ, സമാന്തരമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് രാഷ്ട്രീയവത്കരിക്കപ്പെട്ട ജയിലുകളിലെ പാർട്ടിവാഴ്ചകൾ.
ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ അസാധാരണമല്ലെങ്കിലും രാഷ്ട്രീയ കേരളത്തിന്റെ അധോലോകവത്കരണത്തെ പുതിയ തലത്തിലെത്തിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ സിപിഎം അധികാരമുപയോഗിച്ചു സംരക്ഷിക്കുന്നതു കണ്ടപ്പോഴാണ് കേരളം ശരിക്കും നിസഹായരായത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ ആയിരത്തിലധികം ദിവസമാണ് കുറ്റവാളികളായ കെ.സി. രാമചന്ദ്രൻ, അണ്ണൻ സജിത്, ട്രൗസർ മനോജ് എന്നിവർക്കു പരോൾ ലഭിച്ചത്. മറ്റുള്ളവരും അതിനോടടുത്ത കാലം പുറത്തായിരുന്നു.
സിജിത്ത്, ഷാഫി, കിർമാണി മനോജ് എന്നിവർ വിവാഹിതരായത് ശിക്ഷാ കാലയളവിൽ പരോളിലിറങ്ങിയാണ്. പുറത്തിറങ്ങിയ ചിലർ ലഹരിപ്പാർട്ടി നടത്തുകയും കുറ്റകൃത്യങ്ങളിലേർപ്പെടുകയുമൊക്കെ ചെയ്തെങ്കിലും വീണ്ടും ജയിലിൽനിന്നു പരോൾ അനുവദിച്ചു.
കൊടി സുനിക്കു മാത്രമാണ് കുറവ് പരോൾ. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, സ്വർണക്കടത്തും ഗുണ്ടായിസവും സംഘടിപ്പിച്ചു, ജയിലുദ്യോഗസ്ഥരെ മര്‍ദിച്ചു തുടങ്ങിയ കേസുകളെ തുടര്‍ന്നാണ് സുനിക്ക് പരോള്‍ കുറഞ്ഞത്.
വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ സഹതടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഇയാളെ പിന്നീടു തവനൂരിലേക്കു മാറ്റുകയായിരുന്നു. ജയിലിലും ഈ കൊടുംകുറ്റവാളികൾക്കു പരമസുഖമായിരുന്നു. ഇഷ്ടബ്ലോക്ക്, സെൽ, ഇഷ്ട ഭക്ഷണം, മൊബൈൽ ഫോൺ... ആരാണ് പാർട്ടിക്കുറ്റവാളിയാകാൻ മടിക്കുന്നത്?
ഭരിക്കുന്നവർക്കു താത്പര്യമുണ്ടെങ്കിൽ പാർട്ടിക്കുറ്റവാളികളാകണമെന്നില്ല. ഭാസ്കര കാരണവർ കൊലക്കേസിലെ മുഖ്യപ്രതിയും കാരണവരുടെ മകന്റെ ഭാര്യയുമായ ഷെറിന് 14 വർഷത്തിനിടെ പരോൾ കിട്ടയത് 500 ദിവസമാണ്. മൂന്നു ജീവപര്യന്തം ലഭിച്ചെങ്കിലും ജീവപര്യന്തത്തിന്റെ കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയായതോടെ സർക്കാരിന്റെ ശിപാർശയിൽ ശിക്ഷായിളവോടെ ഒരാഴ്ച മുന്‍പ് ജയിൽമോചിതയാകുകയും ചെയ്തു.
നല്ലനടപ്പ് പരിഗണിച്ചായിരുന്നു മന്ത്രിസഭയുടെ ശിപാര്‍ശയെങ്കിലും തൊട്ടുപിന്നാലെ സഹതടവുകാരിയെ കൈയേറ്റം ചെയ്യാനും ഷെറിനു മടിയില്ലായിരുന്നു. ഗോവിന്ദച്ചാമി പാർട്ടിക്കാരനായിരുന്നെങ്കിൽ ജയിൽ ചാടേണ്ടിവരുമായിരുന്നില്ല; പരോളിലിറങ്ങി പുറത്തും ആർഭാടത്തോടെ അകത്തും വാഴാമായിരുന്നു.
രാഷ്ട്രീയവത്കരിക്കപ്പെട്ട ദേശീയ അന്വേഷണ ഏജൻസികൾ മാത്രമല്ല, രാഷ്ട്രീയവത്കരിക്കപ്പെട്ട കലാലയങ്ങളും സർവകലാശാലകളും സർക്കാർ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും പോലീസും ജയിലുമൊക്കെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയവർ തകർത്തെറിഞ്ഞ സിസ്റ്റത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായ പാർട്ടിച്ചാമിമാർ പ്രബുദ്ധകേരളത്തിനു മുന്നിൽ നെഞ്ചുവിരിച്ചു നടക്കുന്നു; പിടിയിലാകാതെ, ജയിൽ ചാടാതെ, കിണറ്റിലൊളിക്കാതെ.