പിതൃത്വ തർക്കത്തിനിടെ വിഴിഞ്ഞം പിറന്നു
Saturday, May 3, 2025 12:00 AM IST
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. പക്ഷേ, പദ്ധതി വാഗ്ദാനം ചെയ്യുന്ന പുരോഗതി അദാനിയിലൊതുങ്ങില്ലെന്ന് സർക്കാരുകൾ ഉറപ്പാക്കേണ്ടതുണ്ട്.
ഒന്‍പതു മാസത്തെ ട്രയൽ റണ്ണിന്റെ ആത്മവിശ്വാസത്തോടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖത്തിന്റെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് തുറമുഖ വികസനം കേന്ദ്രസർക്കാർ യാഥാർഥ്യമാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, വിഴിഞ്ഞം തുറമുഖമെന്ന കുഞ്ഞ് കുഞ്ഞൂഞ്ഞിന്റെയാണോ പിണറായിയുടെയാണോ മോദിയുടെയാണോ അതോ അദാനിയുടെയാണോ എന്ന തർക്കം തുടരുകയും ചെയ്യുന്നു.
വിഴിഞ്ഞത്തിന്റെ നേരവകാശികൾ ആരാണെന്ന തർക്കംതന്നെ ഈ പദ്ധതിയുടെ പ്രാധാന്യത്തെയും സാധ്യതകളെയും വിളിച്ചോതുന്നതാണ്. പ്രധാനമന്ത്രി പറഞ്ഞതുപോലെ വിഴിഞ്ഞം കേരളത്തിന്റെയും രാജ്യത്തിന്റെയും സാന്പത്തിക സുസ്ഥിരത ഉറപ്പുവരുത്തട്ടെയെന്ന് ആശംസിക്കുന്നു. ആഘോഷത്തിനിടെ സംഘാടകർ മറന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കേരളത്തിനു മറക്കാനാകില്ല. ലാഭത്തിന്റെ അവകാശവാദങ്ങൾ മാത്രം പ്രസക്തമാകുന്ന ആഘോഷക്കാലത്ത് വിഴിഞ്ഞത്തെ വീടും കുടിയും തൊഴിലും ഇല്ലാതായ മത്സ്യത്തൊഴിലാളികളുടെ നഷ്ടത്തെയും ഓർമിപ്പിക്കുന്നു.
ഇതുവരെ 75 ശതമാനത്തിലധികം ട്രാന്‍സ്ഷിപ്മെന്റ് രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇനി പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിശാല സാധ്യതകളുള്ള സമുദ്രത്തിനും പ്രകൃതിസുന്ദരമായ പ്രദേശങ്ങൾക്കും ഇടയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞത്, വിനോദസഞ്ചാരമുൾപ്പെടെയുള്ള അനുബന്ധ വികസനത്തിലേക്കും വിരൽ ചൂണ്ടുന്നതാണെന്നു കരുതാം.
പ്രധാനമന്ത്രി ഗതിശക്തിയുടെ കീഴിൽ ജലപാതകൾ, റെയിൽവേ, ഹൈവേകൾ, വ്യോമയാനങ്ങൾ എന്നിവ സംയോജിപ്പിക്കുന്നുണ്ടെന്നും ഈ പരിഷ്കാരങ്ങൾ തുറമുഖങ്ങളിലും അടിസ്ഥാന സൗകര്യ മേഖലകളിലും കൂടുതൽ നിക്ഷേപത്തിന് കാരണമായിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. 2045ല്‍ മാത്രം പൂര്‍ത്തിയാവേണ്ട പദ്ധതി 2028ൽതന്നെ പൂർത്തീകരിക്കാൻ സാധിക്കുന്ന നിലയാണിപ്പോഴുള്ളതെന്നു മുഖ്യമന്ത്രിയും പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും കൈകോർത്ത് മുന്നേറിയാൽ അതു സാധ്യമാകും.
പദ്ധതിക്കു തുടക്കംകുറിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിക്കാത്തത് രാഷ്ട്രീയമായിരിക്കാം; ഉമ്മൻ ചാണ്ടി പദ്ധതിയുമായി മുന്നിട്ടിറങ്ങിയപ്പോൾ അദാനിയെ പദ്ധതി ഏൽപ്പിച്ചതിൽ 6,000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണെന്ന് ആരോപണമുന്നയിച്ചതിന്റെ കുറ്റബോധമായിരിക്കില്ല. അഴിമതിയാരോപണം ഉന്നയിച്ച് പദ്ധതി ഇല്ലാതാക്കാമെന്നു വിചാരിച്ചാല്‍ നടക്കില്ലെന്നു പറയാന്‍ ആഗ്രഹിക്കുകയാണെന്ന് ഉമ്മൻചാണ്ടി അന്നു വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിച്ചവർക്ക് പദ്ധതി നടപ്പാക്കേണ്ടിവന്നത് ഉമ്മൻ ചാണ്ടിക്കുള്ള അംഗീകാരംതന്നെയാണ്. ഏതായാലും ഭരണപക്ഷവും പ്രതിപക്ഷവും പോര് അവസാനിപ്പിച്ച് കൈകോർത്താൽ സംസ്ഥാനത്തിന്റെ പുരോഗതിയുടെ ഗതിവേഗം വർധിക്കുകയേ ഉള്ളൂ.
ഉദ്ഘാടനം ഇന്നലെയായിരുന്നെങ്കിലും 2024 ജൂലൈ 12ന് തുറമുഖത്തിന്റെ പരീക്ഷണപ്രവർത്തനം തുടങ്ങിയിരുന്നു. തുടർന്ന് 286 കപ്പലുകൾ വിഴിഞ്ഞത്തെത്തി. പരീക്ഷണകാലത്ത് ആറു ലക്ഷത്തിലേറെ കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 10 ലക്ഷം കണ്ടെയ്നറുകൾ വർഷം തോറും കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് നിലവിലുള്ളത്. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ ഇത് 30 ലക്ഷമാകും. അതോടെ വിഴിഞ്ഞം ദക്ഷിണേഷ്യയിലെ പ്രധാന ആഴക്കടൽ തുറമുഖമാകും. വിഴിഞ്ഞം പദ്ധതി പുരോഗതിയിലേക്കുള്ള ചുവടുവയ്പാണെന്നതിൽ സംശയമില്ല. പക്ഷേ, ആ പുരോഗതി അദാനിയിലൊതുങ്ങില്ലെന്ന് സർക്കാരുകൾ ഉറപ്പാക്കേണ്ടതുണ്ട്.
വിഴിഞ്ഞം പദ്ധതിയിൽ കേരളത്തിന്റെ താത്പര്യങ്ങൾ ഹനിക്കപ്പെട്ടെന്ന റിപ്പോർട്ട് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 2017ൽ നിയമസഭയിൽ വച്ചിരുന്നത് മറക്കരുത്. പൊതു-സ്വകാര്യ നിർമാണ പദ്ധതികളിലെ 30 വർഷ കൺസെഷൻ പിരീഡ് 10 വർഷം കൂടുതൽ നൽകിയതിലൂടെ അദാനിക്ക് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭ്യമാകുമെന്ന് സിഎജി ആരോപിച്ചിരുന്നു. സംസ്ഥാനമാണ് പദ്ധതിയുടെ 70 ശതമാനത്തോളം നിക്ഷേപവും നടത്തുന്നതെങ്കിലും ആനുപാതികമായ ലാഭം തിരിച്ചുകിട്ടാത്ത വിധത്തിലാണ് അദാനിയുമായുള്ള കരാറെന്നും സിഎജി ചൂണ്ടിക്കാട്ടിയത്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആഘോഷങ്ങൾക്കിടെ മറക്കരുത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതികൾ അർഥപൂർണമായും സമയബന്ധിതമായും പൂർത്തിയാക്കുമെന്നാണ് കഴിഞ്ഞ മാർച്ചിൽ മന്ത്രി വി.എൻ. വാസവൻ വിഴിഞ്ഞത്തു പറഞ്ഞത്. ഒന്നര വർഷംകൊണ്ട് 635 ചതുരശ്രയടിയിലുള്ള ഫ്ളാറ്റ് നിർമാണം പൂർത്തീകരിക്കുമെന്നു സർക്കാർ പറഞ്ഞത് 2022 ഡിസംബറിലായിരുന്നു.
രണ്ടര വർഷമായിട്ടും പൂർത്തിയായിട്ടില്ല. പൂന്തുറ ഗോഡൗണിൽ ഇപ്പോഴും കഴിയുന്ന മത്സ്യത്തൊഴിലാളികളുണ്ട്. 48 കട്ടമരക്കാർക്ക് നഷ്ടപരിഹാരം നൽകിയതൊഴിച്ചാൽ വിഴിഞ്ഞത്ത് കാര്യമായൊന്നും നടന്നിട്ടില്ല. 1,650 വീടുകൾ നൽകാമെന്നറിയിച്ചെങ്കിലും പാക്കേജിൽ ഉൾപ്പെടുത്താനുള്ള വെരിഫിക്കേഷൻ മാത്രമാണു നടന്നത്.
വികസനപദ്ധതികൾ അനിവാര്യമാണ്; പക്ഷേ, അത് ദരിദ്രരുടെ നിലവിളിക്കു മുകളിലാകുന്പോൾ എല്ലാവരുടേതും ആകുന്നില്ല. വിഴിഞ്ഞം എല്ലാവരുടേതുമാകട്ടെ.