എയ്ഡഡ് അധ്യാപക നിയമനം: എന്തിനു വാശി?
Thursday, August 7, 2025 12:00 AM IST
സർക്കാർ ആരെയാണു കാത്തിരിക്കുന്നത്? എന്തിനാണീ ദുരൂഹതയും അനാവശ്യ വാശിയും? കോടതി ഉത്തരവുകളുടെ ‘സ്പിരിറ്റ്’ ഉൾക്കൊള്ളാൻ ഇത്ര വിമ്മിഷ്ടമെന്തിന്?
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരം അനിശ്ചിതമായി നീളുന്പോഴും സർക്കാർ നിസംഗതയിലാണ്. പ്രതിഷേധങ്ങളും അപേക്ഷകളും കോടതിവിധികളും പോരാ, മനുഷ്യക്കുരുതിതന്നെ വേണം ഈ ‘സിസ്റ്റം’ ചലിക്കാൻ എന്നായിട്ടുണ്ട്.
പട്ടിണി കിടക്കുന്ന മനുഷ്യർക്ക് പുസ്തകം പുത്തനൊരായുധമാണെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്നവരുടെ സർക്കാരിന്, അക്ഷരമെന്ന ആയുധം പുതുതലമുറയിലേക്കു പകരുന്ന അധ്യാപകരുടെ കണ്ണീരു കാണാൻ മനസില്ല! നിയമനാംഗീകാരം കാത്തുകഴിയുന്ന പതിനായിരക്കണക്കിന് അധ്യാപകരുടെ മനസ്താപത്തിൽ ഉരുകുന്നതു ഭാവിതലമുറ കൂടിയാണെന്ന വീണ്ടുവിചാരവുമില്ല!
നിയമനാംഗീകാരം ലഭിക്കാതെ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവസ്ഥ നോക്കുക. സമൂഹത്തിലും വീട്ടിലും അവർ അധ്യാപകരാണ്. എന്നാൽ, അവരുടെ ജീവിതം ദുരിതപൂർണവും. സ്ഥിരനിയമനം ലഭിച്ച അധ്യാപകർ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യണം. സർക്കാർ നിർദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പരിശീലന പരിപാടികളിലും പങ്കെടുക്കണം.
ദിവസക്കൂലിയാകട്ടെ കൃത്യസമയത്തു നൽകുന്നുമില്ല. അതിനു നിരവധി നൂലാമാലകൾ. സ്കൂളിലെ സമ്മർദത്തിനു പുറമെ വീട്ടിലെയും സമൂഹത്തിലെയും സമ്മർദവും സഹിക്കാനാകാതെ ചിലരെങ്കിലും കടുംകൈക്കു മുതിർന്നാൽ എങ്ങനെ കുറ്റം പറയാനാകും? ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിൽ ആർക്കും എതിർപ്പില്ല. മുൻകാലപ്രാബല്യം, ഒഴിവുകൾ കണക്കാക്കുന്ന രീതി, കുരുക്കു മുറുക്കുന്ന രീതിയിലുള്ള സർക്കാരിന്റെ നയപരമായ ചില തീരുമാനങ്ങൾ എന്നിവയോടാണ് എതിർപ്പ്.
ആ എതിർപ്പുതന്നെ നിയമനാംഗീകാര വിഷയത്തിൽ കുടുങ്ങി സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾതന്നെ താളംതെറ്റുന്നതിനെച്ചൊല്ലിയാണ്. കുരുക്കുകളഴിക്കുന്നതാണു ഭരണ വൈദഗ്ധ്യം. പ്രശ്നങ്ങളുടെ എല്ലാ വശവും പരിഗണിച്ച്, അതു മൂലം കഷ്ടത അനുഭവിക്കുന്നവരോട് അനുഭാവം പുലർത്തി പരിഹാരവും തീരുമാനവും കണ്ടെത്തുന്നതാണു ജനാധിപത്യരീതി.
ശരിയായ സമയത്ത്, ശരിയായ തീരുമാനങ്ങളെടുക്കാൻ സർക്കാരിനെ സഹായിക്കാനാണ് കോടതികളും ഭരണയന്ത്രവും. കോടതിവിധികളുടെ വ്യാഖ്യാനം സങ്കുചിത ചിന്തകളില്ലാതെയാകണം. ഇവിടെയെന്താണു സംഭവിച്ചത്? ഭിന്നശേഷി സംവരണ പ്രശ്നത്തിൽ എൻഎസ്എസ് മാനേജ്മെന്റ് സുപ്രീംകോടതി വരെ പോയി. അനുകൂല വിധി സന്പാദിച്ചു.
ഭിന്നശേഷി തസ്തികകൾ മാറ്റിവച്ച് മറ്റു നിയമനങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതുസംബന്ധിച്ചു സർക്കാർ ഉത്തരവുമിറങ്ങി. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും സ്ഥാപനങ്ങൾക്കും ഇതേ വിധി ബാധകമാക്കാമെന്ന് കോടതി പരാമർശിച്ചതുമാണ്.
അതനുസരിച്ച്, കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾസ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുള്ളതിനാൽ നാലുമാസത്തിനകം സർക്കാർ ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒടുവിൽ ഈ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എൻഎസ്എസ് മാനേജ്മെന്റ് ഒഴികെയുള്ളവർക്ക് പഴയ സ്ഥിതി തുടരുമെന്ന് സർക്കാർ ഉത്തരവുമിറക്കി.
അങ്ങനെ, 2018 മുതൽ നിയമനം നേടിയവരുടെ അംഗീകാരം അനിശ്ചിതമായി ത്രിശങ്കുവിൽത്തന്നെ. ഭിന്നശേഷി സംവരണമനുസരിച്ചുള്ള നിയമനം എപ്പോൾ പൂർത്തിയാകുമെന്ന് ഒരു നിശ്ചയവുമില്ല. അതിനുശേഷം മാത്രമേ മറ്റു തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നല്കൂ എന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇനി മാനേജ്മെന്റുകൾക്ക് വേണമെങ്കിൽ ഒറ്റയ്ക്കോ കൂട്ടായോ സുപ്രീംകോടതി വിധി സന്പാദിച്ചാൽ ചിലപ്പോൾ അംഗീകാരം ലഭിക്കുമായിരിക്കും.
ഒരു മാനേജർ നിയമനം നടത്തിയാൽ അതിൽ അംഗീകാരം കിട്ടണമെങ്കിൽ നാലഞ്ചുവർഷം വേണ്ടിവരുന്ന അവസ്ഥയാണ്. വിദ്യാഭ്യാസവകുപ്പാകട്ടെ അംഗീകാരം പരമാവധി വൈകിക്കാനാണു നോക്കുന്നതെന്നും മാനേജർമാർ പരാതിപ്പെടുന്നു. ഭിന്നശേഷിക്കാര്യത്തിലാണെങ്കിൽ, വേണ്ടത്ര ഭിന്നശേഷിക്കാരില്ലാതെ കാത്തിരിക്കുന്ന മാനേജ്മെന്റുകളുമുണ്ട്.
എൻഎസ്എസ് നല്കിയ ഹർജിയിൽ ഭിന്നശേഷി സംവരണ തസ്തികകൾ മാറ്റിവച്ച് മറ്റു നിയമനങ്ങൾക്ക് അംഗീകാരം നല്കാൻ എതിർപ്പില്ലെന്നു കോടതിയെ അറിയിച്ച അതേ സർക്കാർ തന്നെയാണ് പിന്നീട് നിർദയം കാലുമാറിയത്. നിരവധി വർഷങ്ങൾ നീണ്ട സാമൂഹിക-രാഷ്ട്രീയ പരിണാമങ്ങളിലൂടെയാണ് എയ്ഡഡ് വിദ്യാലയങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ സുപ്രധാന ഭാഗമായി മാറിയത്.
1817ൽ തിരുവിതാംകൂർ മഹാറാണി ഗൗരി പാർവതിഭായി “പള്ളിക്കൂടങ്ങൾ സർക്കാർ ചെലവിൽ നടത്തണം” എന്ന് ഉത്തരവിറക്കിയിരുന്നു. ഈ നിലപാട് എയ്ഡഡ് സ്കൂൾ സംവിധാനത്തിന് അടിത്തറയായി. ജനകീയ വിദ്യാലയങ്ങൾക്കു സർക്കാർ സഹായം നൽകുന്നത് ഒരു നയമായി മാറി. പൊതുവിദ്യാഭ്യാസത്തിന്റെ ഭാരം പങ്കുവയ്ക്കുന്നതിൽ ഈ വിദ്യാലയങ്ങൾ വഹിക്കുന്ന വിലപ്പെട്ട പങ്ക് ആർക്കും മറച്ചുപിടിക്കാനാകില്ല.
സംസ്ഥാനത്ത് കൂടുതൽ വിദ്യാർഥികളും അധ്യാപകരുമുള്ള എയ്ഡഡ് മേഖല മികവിന്റെ കേന്ദ്രങ്ങളാണെന്നതും തർക്കവിഷയമല്ല.അടുത്ത നിയമസഭാ തെരഞ്ഞെെടുപ്പിലേക്ക് ഇനി മാസങ്ങളേയുള്ളൂ. മൂന്നാം തവണയും അധികാരം ലക്ഷ്യമിടുന്ന ഇടതുമുന്നണി ഇലക്ഷനു വേണ്ടി കരുതിവച്ച ആയുധമാണോ ഇതൊക്കെ? അങ്ങനെയെങ്കിൽ ഹാ, കഷ്ടം! അധികാരരാഷ്ട്രീയത്തിനുവേണ്ടി ബലി കഴിക്കാനുള്ളതാണോ പിടയുന്ന ജീവിതങ്ങളും കേരളത്തിലെ വിദ്യാഭ്യാസരംഗവും?