മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറി
Sunday, August 3, 2025 12:00 AM IST
ഇതൊക്കെ ഛത്തീസ്ഗഡിലല്ലേ, കേരളം മതേതരത്വത്തിന്റെ പൊന്നാപുരം കോട്ടയല്ലേയെന്നു കരുതുന്ന നിഷ്കളങ്കരേ, സമൂഹമാധ്യമങ്ങളിൽ ഇഴയുന്ന വിഷസാന്നിധ്യങ്ങളെ നോക്കൂ.
ഒരു പുതുമഴ മതി, അവ മാളം വിടാൻ.
മതേതര-ജനാധിപത്യത്തിന്റെ കാവൽക്കാരായ സഹോദരീസഹോദരന്മാരേ നന്ദി! സ്വതന്ത്ര ഇന്ത്യയുടെ എല്ലാ ജനാധിപത്യ-മതേതര വളർച്ചകളെയും ദുർബലമാക്കിക്കൊണ്ട് ഭരണകൂട പിന്തുണയിൽ ഹിന്ദുത്വ വർഗീയത ആർജിച്ച ഫാസിസ്റ്റ് കുതിപ്പിനെ മതേതര ഇന്ത്യ താത്കാലികമായെങ്കിലും വഴിയിൽ തടഞ്ഞിരിക്കുന്നു.
ഛത്തീസ്ഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ‘മത’മിളകിയ ഒരു സ്ത്രീയുടെ നേതൃത്വത്തിൽ സംഘപരിവാർ സംഘടന കള്ളക്കേസിൽ കുടുക്കിയ രണ്ടു കന്യാസ്ത്രീമാർക്കു ജാമ്യം ലഭിച്ചിരിക്കുന്നു. വർഗീയതയ്ക്കുമേൽ മതേതര സാഹോദര്യത്തിന്റെ വിജയം! പക്ഷേ, ആരും പിരിഞ്ഞുപോകരുത്, വർഗീയ ആൾക്കൂട്ടങ്ങൾ ഇവിടെത്തന്നെയുണ്ട്.
ന്യൂനപക്ഷങ്ങളുടെ മുഖം അടിച്ചുപൊളിക്കാൻ നാടു നിരങ്ങുകയാണവർ. ജ്യോതിശർമമാരും അവരുടെ കേരളത്തിലുൾപ്പെടെയുള്ള വിഷപ്പതിപ്പുകളും ഫണമടക്കിക്കിടപ്പാണ്; വിഷം തീണ്ടരുത്. അഭിമാനിക്കാം, ഛത്തീസ്ഗഡിൽ കേരളം രാജ്യത്തിനൊരു സന്ദേശം കൊടുത്തിരിക്കുന്നു; രാജ്യത്തിന്റെ മതേതരവീണ്ടെടുപ്പ് സാധ്യമാണ്.
ബജ്രംഗ്ദളിന്റെ താത്പര്യപ്രകാരം ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്ത സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്കു ബിലാസ്പുർ എൻഐഎ കോടതി ജാമ്യം അനുവദിച്ചത് ഇന്നലെ ഉച്ചയ്ക്കാണ്. പാസ്പോർട്ട് കെട്ടിവയ്ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളുണ്ട്.
കഴിഞ്ഞ 25നാണ് ആദിവാസി പെൺകുട്ടിയും സഹോദരനും മറ്റു രണ്ടു പെൺകുട്ടികളും കന്യാസ്ത്രീമാർക്കൊപ്പം ദുർഗ് റെയിൽവേ സ്റ്റേഷനിലെത്തിയത്. കന്യാസ്ത്രീമാർ സഭാ സ്ഥാപനത്തിൽ ജോലിക്കു കൊണ്ടുപോകുന്നതിനിടെ പ്ലാറ്റ്ഫോം ടിക്കറ്റില്ലെന്ന തൊടുന്യായം പറഞ്ഞ് പെൺകുട്ടികളെ തടഞ്ഞുവച്ച ടിടിഇ, ബജ്രംഗ്ദൾ പ്രവർത്തകരെ വിളിച്ചുവരുത്തി. തുടർന്ന് ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്രൈസ്തവരായ പെൺകുട്ടികളെ സംബന്ധിച്ച രേഖകളൊന്നും സ്വീകരിക്കാനോ യാത്രക്കാർക്കു സംരക്ഷണമൊരുക്കാനോ തയാറാകാതിരുന്ന പോലീസ് ബജ്രംഗ്ദളുകാരുടെ ആജ്ഞാനുസാരം നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ഇപ്പോഴത് എൻഐഎയുടെ കീഴിലാകുകയും ചെയ്തു.
പക്ഷേ, പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി കന്യാസ്ത്രീമാർക്കും കൂടെയുള്ളവർക്കും നേരേ ആക്രമണം അഴിച്ചുവിട്ട ജ്യോതി ശർമയെന്ന സ്ത്രീക്കെതിരേ ഒരു പെറ്റിക്കേസുപോലുമില്ല. അതേസമയം, നിരപരാധികളായ രണ്ടു കന്യാസ്ത്രീമാർ 52 തടവുകാർക്കൊപ്പം ജയിലിന്റെ തറയിൽ കിടത്തപ്പെട്ടു. ഇതാണ് സബ്കാ സാത്, സബ് കാ വികാസ്.
ഛത്തീസ്ഗഡ് സംഭവത്തിന്റെ ഒന്നാം അധ്യായമേ കഴിഞ്ഞിട്ടുള്ളൂ. താത്കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദിക്കാനൊന്നുമില്ല. വർഗീയവാദികളുടെ തോന്ന്യാസത്തിനും സമൂഹവിരുദ്ധപ്രവർത്തനങ്ങൾക്കും വഴങ്ങി റെയിൽവേ പോലീസ് എടുത്ത കേസ് ഇപ്പോൾ രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ നിഴലിലാക്കി എൻഐഎയുടെ കോടതിയിലായി.
ഭരണഘടനയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കിൽ ഈ കേസ് റദ്ദാക്കുകയും നഗ്നമായ വർഗീയാതിക്രമം നടത്തിയവർക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കുകയുമാണു വേണ്ടത്. ജ്യോതി ശർമയുടേതു രാജ്യദ്രോഹമല്ലെങ്കിൽ രാജ്യദ്രോഹത്തിന്റെ അർഥമെന്താണെന്ന് അധികാരക്കസേരയിലുള്ളവർ പറഞ്ഞുതരണം.
പാക്കിസ്ഥാനിലെ ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതിനു സമാനമായ സ്ഥിതിവിശേഷമാണ് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽനിന്ന് നേരിടുന്നത്. മതത്തിന്റെ പേരിൽ ഇതര മതസ്ഥരായ പൗരന്മാരെ കാഷ്മീരിൽ ആക്രമിച്ചവരെ അതിർത്തി കടന്ന് നേരിട്ട രാജ്യം, അതിർത്തിക്കുള്ളിലെ വർഗീയവാദികൾക്കു മുന്നിൽ പത്മാസനത്തിലിരിക്കുന്നു.
1999 ജനുവരിയിൽ ഒറീസയിലെ കുഷ്ഠരോഗികൾക്കുവേണ്ടി ആയുസത്രയും സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീപ്പിലിട്ടു ജീവനോടെ കത്തിച്ച ഭീകരപ്രസ്ഥാനമാണ് ബജ്രംഗ്ദൾ. അന്നുമുതൽ ഇന്നുവരെ എത്രയോ ആക്രമണങ്ങൾ ക്രൈസ്തവർക്കെതിരേ ഇവർ നടത്തിക്കഴിഞ്ഞു. ഇവർക്കു കാവൽ നിൽക്കുന്നത് തങ്ങളല്ലേയെന്ന് കേന്ദ്രം ഭരിക്കുന്നവർ ആത്മപരിശോധന നടത്തണം.
ഏതായാലും രാജ്യത്തെ, പ്രത്യേകിച്ചു കേരളത്തിലെ ക്രൈസ്തവർ ആത്മപരിശോധന നടത്തിക്കഴിഞ്ഞു. ആരാണ് കന്യാസ്ത്രീമാരെ പുറത്തിറക്കാൻ സഹായിച്ചത് എന്നതൊന്നും ആരും ക്രിസ്ത്യാനികളെ പറഞ്ഞു മനസിലാക്കേണ്ടതില്ല. പുറത്തിറക്കിയതു മാത്രമല്ല, അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അവർക്കറിയാം. ഇതു തുടങ്ങിയിട്ട് എത്ര നാളായെന്നുമറിയാം. ഇതൊക്കെ ഛത്തീസ്ഗഡിലല്ലേ, കേരളം മതേതരത്വത്തിന്റെ പൊന്നാപുരം കോട്ടയല്ലേയെന്നു കരുതുന്ന നിഷ്കളങ്കരുണ്ടാകാം.
പക്ഷേ, മറക്കരുത് വർഗീയതയും തീവ്രവാദവും മസിൽ പെരുപ്പിക്കുംമുന്പ് മനസ് പെരുപ്പിക്കും. അതു കേരളത്തിലും നടന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇഴയുന്ന വിഷസാന്നിധ്യങ്ങളെ ശ്രദ്ധിച്ചാൽ മാത്രം മതി കാര്യമറിയാൻ. അധികാരത്തിന്റെയോ അധീശത്വത്തിന്റെയോ ഒരു പുതുമഴ മതി, അവ മാളം വിടാൻ. മതഭ്രാന്തുകൾ ആവർത്തിക്കുന്പോഴൊക്കെ ഈ പ്രതിരോധം ആവർത്തിക്കണമെന്നില്ല.
കിട്ടിയ അവസരം മുതലെടുത്തവരുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും പറഞ്ഞ് ചിലരങ്ങ് പേടിപ്പിക്കാൻ നോക്കിക്കളഞ്ഞു. തങ്ങളെന്തോ ഒന്നാന്തരം പൗരന്മാരാണെന്ന് അവരെ ആരോ പറഞ്ഞു പറ്റിച്ചതാവാം. അല്ലെങ്കിൽ ഭരണഘടനയെന്നു കരുതി ഏതോ ചിന്താധാര വായിച്ചിട്ടുണ്ടാകും.
ഛത്തീസ്ഗഡിലുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സവർണന്റെ ചവിട്ടടിയിലാണ് അവർണരുള്ളത്. പൊതുകിണറ്റിൽനിന്നു വെള്ളം കുടിക്കാനും പൊതുനിരത്തിൽ നടക്കാനും സവർണനെ പേരു വിളിക്കാനും അവകാശമില്ലാത്ത ആ മനുഷ്യർക്കാണ് മിഷണറിമാരെ കൂടുതൽ ആവശ്യമുള്ളത്. ഏതു കൊടികെട്ടിയ പോലീസുകാരനാണെങ്കിലും അതറിഞ്ഞിരിക്കണം. ഉന്നതസ്ഥാനത്തിരുന്ന തഴന്പല്ല, ഉന്നതചിന്തയാണ് മനുഷ്യത്വത്തിന്റെ തൊപ്പി.
ജാമ്യം താത്കാലിക വിജയമാണ്. ഹിന്ദുത്വയുടെ ആൾക്കൂട്ടവിചാരണകളും ആൾക്കൂട്ടക്കൊലപാതകങ്ങളും ബുൾഡോസർരാജും ദുരൂഹമായ ഉന്നത നിശബ്ദതകളുമൊക്കെ നിലനിൽക്കുകയാണ്. ഛത്തീസ്ഗഡിൽ കേരളം കോർത്തെടുത്ത ജാതിമത-ഇടതുവലതു ഭേദമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുത്.
വർഗീയ കൂട്ടുകെട്ടുകൾക്കു മുകളിൽ മതേതരത്വം ശക്തി തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയത്. അതിന്റെ കൊടിപിടിച്ചതു കേരളമാണെന്നതു നിസാര കാര്യമല്ല. ഇതു കേരളമെഴുതിയ മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറിയാണ്. ഈ കെട്ടുറപ്പിനുമേൽ വിഷത്തിരിയിട്ട ഒരു ജ്യോതിയും തെളിയരുത്.