മാർക്ക് ദാനം: സർക്കാർ സമീപനം തിരുത്തണം
തെറ്റായ ഉത്തരമെഴുതിയാലും മാർക്കു കിട്ടുന്ന അവസ്ഥയിൽ ശരിതെറ്റുകളെ വ്യവഛേദിക്കാനുള്ള വിവേകവും അവർക്കു കരഗതമാകുന്നില്ല. ഒരു പരീക്ഷയിലെ നിസാര തോൽവിപോലും ഉൾക്കൊള്ളാൻ കഴിയാത്ത കുട്ടികൾ എങ്ങനെയാണ് ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളിൽ പതറാതെ പിടിച്ചുനിൽക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക കടമ മറന്നുകൊണ്ടാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി പരീക്ഷ നടത്തുന്നതെന്നു വ്യക്തമാക്കുന്നതാണ് വകുപ്പ് ഡയറക്ടറുടെ തുറന്നുപറച്ചിൽ.
ലോകോത്തരമെന്ന് നാം വാതോരാതെ പറഞ്ഞതുകൊണ്ടൊന്നും നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം ഉയരില്ല. സ്കൂൾ കെട്ടിടങ്ങൾ കണ്ടാൽ പഞ്ചനക്ഷത്ര ഹോട്ടലാണെന്നു തെറ്റിദ്ധരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വീമ്പിളക്കുമ്പോഴും കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെങ്കിൽ അവരുടെ ഭാവി ഇരുളടഞ്ഞുതന്നെ കിടക്കും.
ഇടതു പുരോഗമന ചിന്താഗതിക്കാർ എന്നു മേനി നടിക്കുന്നവർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായ പല പരിഷ്കാരങ്ങളും ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. കുട്ടികളെ അക്ഷരം പഠിപ്പിക്കേണ്ട എന്നതുപോലുള്ള മൂഢത്തരങ്ങളും ഇവരുടെ സംഭാവനയാണ്.
ഇത്തരം ആശയക്കാരുടെ ഇരകളായിത്തീർന്ന ലക്ഷക്കണക്കിനു കുട്ടികൾ പിന്നീട് തൊഴിൽരഹിതരാവുകയും ജീവിക്കാൻ നാടുവിടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പരിശ്രമിച്ചു പഠിക്കുന്നവരും മടിപിടിച്ചും കളിച്ചുരസിച്ചും പഠനമുഴപ്പുന്നവരും തമ്മിൽ പരീക്ഷയുടെ മാർക്കിൽ അന്തരമുണ്ടാകരുതെന്ന പരിഹാസ്യമായ നിലപാട് എസ്എസ്എൽസി പരീക്ഷയിലടക്കം നടപ്പാക്കിയവരുടെ മനോനിലതന്നെ സംശയിക്കണം. തലമുറകളെയാണ് ഇക്കൂട്ടർ നാശത്തിലേക്കു നയിക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ വാക്കുകൾ ഇതായിരുന്നു: “ആർക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. കുട്ടികൾ ജയിച്ചുകൊള്ളട്ടെ, വിരോധമില്ല. പക്ഷേ 50 ശതമാനത്തിൽ കൂടുതൽ വെറുതെ മാർക്ക് നൽകരുത്.
എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് കിട്ടുന്നുണ്ട്. 69,000 പേർക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്നു വച്ചാൽ... എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്കുവരെ അതിൽ എ പ്ലസ് ഉണ്ട്. എ പ്ലസും എ ഗ്രേഡും നിസാരമല്ല; ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്കു പോലും എ പ്ലസ് നൽകുന്നു.
കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്തുനിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്. ’’ എസ്എസ്എൽസി ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി കഴിഞ്ഞ മാസം സംഘടിപ്പിച്ച ശില്പശാലയ്ക്കിടെയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം.
എന്നാൽ, എസ്എസ്എൽസി പരീക്ഷയെഴുതി കുട്ടികൾ ജയിക്കുന്നതിലും പിഎസ്സി പരീക്ഷയെഴുതി ജോലി നേടുന്നതിലുമെല്ലാം രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകൾ അതാണു വ്യക്തമാക്കുന്നത്.
കുട്ടികളെ തോല്പ്പിച്ചുകൊണ്ട് വിദ്യാഭ്യാസ ഗുണത വര്ധിപ്പിക്കാമെന്നത് പ്രതിലോമകരമായ നിലപാടാണെന്നും അതു സര്ക്കാരിന്റെ നയമല്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സംഭാഷണം ചോർത്തി നൽകിയതു വലിയ കുറ്റമായും മന്ത്രി കാണുന്നു. അതിനാൽത്തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞതിന്റെ കാതലിലേക്ക് എത്തിനോക്കാൻപോലും സർക്കാർ തയാറല്ലെന്നു വ്യക്തം.
പഠനത്തെ നിസാരവത്കരിക്കാനും കുട്ടികളെ അല്പംപോലും സമ്മർദം താങ്ങാൻ ശേഷിയില്ലാത്തവരായിത്തീർക്കാനും മാത്രമേ മാർക്ക് ദാനം ഉപകരിക്കൂ. സ്കൂൾ പഠനകാലത്ത് ശീലമാക്കേണ്ട അച്ചടക്കവും ഈ ചിന്താഗതിക്കാർ നാമാവശേഷമാക്കിയിരിക്കുന്നു. അധ്യാപകരുടെ കൈ തല്ലിയൊടിക്കുന്ന വിദ്യാർഥിയും ക്ലാസിൽ പ്രണയകേളിയിൽ ഏർപ്പെട്ട കുട്ടികളുടെ മാതാപിതാക്കളോടു വിവരം പറഞ്ഞ് അവരെ തിരുത്തിക്കാൻ ശ്രമിച്ച അധ്യാപകൻ പോക്സോ കേസിൽ പ്രതിയായതുമെല്ലാമാണ് നമ്മുടെ പരിഷ്കാരങ്ങളുടെ പരിണതഫലം.
കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷകളിൽ ഉന്നത ഗ്രേഡും മാർക്കും നേടി ജീവിതം മെച്ചപ്പെട്ടതാക്കണമെന്ന ചിന്തതന്നെ കുട്ടികളിൽനിന്നു മായ്ച്ചുകളഞ്ഞിരിക്കുന്നു. നിരന്തര മൂല്യനിർണയത്തിന്റെ പേരിൽ എസ്എസ്എൽസി പരീക്ഷയ്ക്കു മുമ്പുതന്നെ കുട്ടികൾക്ക് ജയിക്കാനാവശ്യമായ 210ൽ 130 മാർക്ക് കിട്ടുന്നതാണ് അവസ്ഥ.
ചോദ്യത്തിന് ഉത്തരമായി എന്തെഴുതിയാലും പരിശ്രമശാലിയായ കുട്ടി എന്നു കണക്കാക്കി അര മാർക്ക് വീതം നൽകുകയാണ്. ഉപരിപഠനയോഗ്യതാ സർട്ടിഫിക്കറ്റ് നല്കുകയും ചെയ്യും. ജീവിതവിജയത്തിന് കഠിനാധ്വാനം വേണമെന്ന വലിയൊരു തിരിച്ചറിവാണ് ഇതുവഴി കുട്ടികൾക്കു നിരാകരിക്കുന്നത്. തെറ്റായ ഉത്തരമെഴുതിയാലും മാർക്ക് കിട്ടുന്ന അവസ്ഥയിൽ ശരിതെറ്റുകളെ വ്യവഛേദിക്കാനുള്ള വിവേകവും അവർക്കു കരഗതമാകുന്നില്ല.
ഒരു പരീക്ഷയിലെ നിസാര തോൽവിപോലും ഉൾക്കൊള്ളാൻ കഴിയാത്ത കുട്ടികൾ എങ്ങനെയാണ് ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളിൽ പതറാതെ പിടിച്ചുനിൽക്കുന്നത്. കൗമാരക്കാരിലടക്കം ആത്മഹത്യകൾ പെരുകുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെയാണ്. മാർക്ക് ദാനത്തിൽ സർക്കാർ സമീപനം തിരുത്തപ്പെടേണ്ടതാണ്. സ്വതന്ത്ര വിദ്യാഭ്യാസ വിചക്ഷണർ ഇക്കാര്യത്തിൽ തുറന്ന ചർച്ചകൾക്കു തയാറാകണം. മാത്സര്യമേറുന്ന ലോകക്രമത്തിൽ നമ്മുടെ കുട്ടികൾ പിന്തള്ളപ്പെട്ടുകൂടാ.