ഞങ്ങൾ കഴിഞ്ഞയാഴ്ച അസർബൈജാനിൽ ഒരു വിനോദയാത്ര പോയിരുന്നു. അപ്പോഴുണ്ടായ ഒരു വിചിത്ര അനുഭവം നമ്മുടെ നാട്ടുകാരും അറിയേണ്ടതുണ്ട്. ഞങ്ങൾ അസർബൈജാനിന്റെ തലസ്ഥാനമായ ബാക്കുവിലെ ലോകപ്രസിദ്ധമായ ‘അപ് ലാൻഡ് പാർക്ക് ’ ചുറ്റിനടന്നു കാണുന്പോൾ പാർക്കിന്റെ ഗേറ്റിന് സമീപം സ്ട്രോബെറി പഴങ്ങൾ വിൽക്കുന്ന കുറച്ചു തട്ടുകടകൾ കണ്ടിരുന്നു. യാത്രാസംഘത്തിലെ പലരും അവിടെനിന്നു നല്ല ഫ്രഷ് സ്ട്രോബെറി പഴം വാങ്ങി കഴിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പോലീസുകാർ ഞങ്ങളുടെ സംഘത്തിലെ ഒരു ചെറുപ്പക്കാരനെ സമീപിച്ച് 300 മനട്ട് (അവിടത്തെ കറൻസി) ഫൈൻ നൽകാൻ ആവശ്യപ്പെട്ടു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ആ ചെറുപ്പക്കാരൻ സ്ട്രോബെറി പഴം തിന്നുന്പോൾ പഴത്തിന്റെ ഞെട്ട് താഴെ ഇട്ടെന്ന്! അതിന്റെ പിഴയാണത്രെ 300 മനട്ട്. അതായത് 15,000 ഇന്ത്യൻ രൂപ! അവിടത്തെ നാട്ടുകാരിയായ ടൂർ ഗൈഡും ആ ചെറുപ്പക്കാരനും കാലുപിടിച്ചു പറഞ്ഞിട്ടും പോലീസുകാർ വിട്ടുവീഴ്ച ചെയ്തില്ല. അലക്ഷ്യമായി ഇട്ട ഒരു സ്ട്രോബെറി ഞെട്ടിന് 15,000 രൂപ പിഴ അടയ്ക്കേണ്ടിവന്നു.
ബാക്കു സിറ്റി ഒരു ക്ലീൻ സിറ്റിയാണ്. കൃത്യമായ അകലങ്ങളിൽ വേസ്റ്റ് ബാസ്കറ്റുകൾ വച്ചിട്ടുണ്ട്. അതിലെ വേസ്റ്റ് കൃത്യമായ ഇടവേളകളിൽ മാറ്റുന്നു. മരങ്ങളുടെ ഇലകളും ചവറുകളും അടിച്ചു വൃത്തിയാക്കുന്നു. റോഡും ഫുട്പാത്തും ഏതു സമയവും മനോഹരമായി വൃത്തിയായി സൂക്ഷിക്കുന്നു. പാതയോരങ്ങളിൽ ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചിരിക്കുന്നു. അങ്ങനെ ഒരു ക്ലീൻ സിറ്റിയായി എപ്പോഴും നിലനിർത്തുന്നു.
ഒരാൾ പോലും റോഡിൽ തുപ്പുകയോ എന്തെങ്കിലും വേസ്റ്റുകൾ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യുന്നില്ല. അത്തരത്തിൽ ആരെങ്കിലും ചെയ്താൽ കണ്ടെത്താൻ എല്ലായിടത്തും നിറയെ സിസിടിവി കാമറകളും കൂടാതെ കാറിലും ബൈക്കിലും സദാ ചുറ്റിയടിക്കുന്ന പോലീസും. പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ അല്പം പുറകിൽ നിൽക്കുന്ന നമ്മുടെ നാട്ടുകാർക്ക് ബാക്കു സിറ്റി ഒരു അദ്ഭുതമാണ്.
ജെയിംസ് മുട്ടിക്കൽ അയ്യന്തോൾ, തൃശൂർ