വാദം പൂർത്തിയായ കേസുകളിൽ വിധി പറയുന്നത് നീണ്ടുപോകുന്നതിനെതിരേയുള്ള സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതാർഹമാണ്. മൂന്ന് വർഷം മുന്പ് വിധി പറയാൻ മാറ്റിയ ക്രിമിനൽ കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ഇനിയും വിധി പറയാത്തതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് വിധി പറയുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ മാർഗരേഖയുണ്ടാക്കാനുള്ള സുപ്രീം കോടതിയുടെ നീക്കം.
ജനുവരി 31നു മുന്പ് വിധി പറയാൻ മാറ്റിയിട്ടും ഇനിയും വിധി പറയാത്ത കേസുകളുടെ വിവരവും ഹൈക്കോടതികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
രാജ്യത്ത് വിവിധ കോടതികളിലായി അഞ്ചു കോടിയോളം കേസുകളാണ് തീർപ്പാവാതെ കിടക്കുന്നത്. കേസുകളുടെ അന്തിമവാദത്തിനുതന്നെ വർഷങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. വാദം കഴിഞ്ഞിട്ടും തീർപ്പിന് വീണ്ടും ഏറെക്കാലം കാത്തിരിക്കേണ്ടി വരുന്നുവെങ്കിൽ അത് വളരെ ദയനീയമായ സ്ഥിതിവിശേഷമാണ്. അത്തരമൊരവസ്ഥ തീർത്തും ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്.
മുരളീമോഹൻ മഞ്ചേരി, മലപ്പുറം