വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
Monday, March 21, 2016 11:27 PM IST
അമേരിക്കയില്‍ സൂര്യപ്രകാശ നിയമം (സണ്‍ഷൈന്‍ ആക്ട്) എന്നറിയപ്പെടുന്ന നിയമത്തിന്റെ ഇന്ത്യന്‍ പതിപ്പാണു വിവരാവകാശ നിയമം അഥവാ ആര്‍ടിഐ ആക്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കിയ ഏറ്റവും വിപ്ളവകരമായ നിയമമായാണ് ആര്‍ടിഐ ആക്ട് വിശേഷിപ്പിക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ പ്രധാന ഘടകമായ പൊതുപ്രവര്‍ത്തന സുതാര്യത ഇത്രയേറെ പ്രശോഭിപ്പിച്ച ഒരു നിയമനിര്‍മാണം ഉണ്ടായിട്ടില്ല. അധികാരസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് ഇത്തരം നിയമങ്ങള്‍ ദഹിക്കുകയില്ലെങ്കിലും എല്ലാവരും പ്രത്യക്ഷത്തില്‍ അതിനെ പിന്തുണച്ചു. എന്നാല്‍ നിയമം നടപ്പാക്കിക്കഴിഞ്ഞപ്പോള്‍ ഇത്രയ്ക്കങ്ങു പോകേണ്ടിയില്ലായിരുന്നുവെന്ന തോന്നല്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവും. ഇതില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെയുണ്ട്. അതുകൊണ്ട് ആര്‍ടിഐ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചുതന്നെ അതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം നടന്നുവരുന്നു.

വിവരാവകാശ നിയമത്തിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ആര്‍ടിഐ അപേക്ഷകള്‍ക്കുള്ള ഫീസ് ഘടന തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാവുന്നതാണ്. എന്നാല്‍ ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശത്തിന്റെ മറവില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമം പരക്കേ വിമര്‍ശിക്കപ്പെടുന്നു. തമിഴ്നാടാണ് ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ ആദ്യം നടത്തിയത്. അവിടെ 2008ല്‍ അഴിമതിവിരുദ്ധ ബ്യൂറോ ഉള്‍പ്പെടെ ചില വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. ഇതു പിന്നീടു കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നു വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ഒഴിവാക്കി കേരള സര്‍ക്കാരിന്റെ പൊതുഭരണവകുപ്പു പുറത്തിറക്കിയ വിജ്ഞാപനം വിവാദമുയര്‍ത്തിയിരിക്കുകയാണ്. മുമ്പുതന്നെ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരാവകാശനിയമ പരിധിയില്‍നിന്നു സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്ഷന്‍ അന്വേഷിച്ചതോ അന്വേഷണം നടത്തുന്നതോ ആയ ഒരു കേസിന്റെയും വിവരങ്ങള്‍, പുതിയ വിജ്ഞാപനത്തെത്തുടര്‍ന്നു ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. ഈ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു വിജ്ഞാപനം ഇറക്കാന്‍ ഇടയായ സാഹചര്യം വിശദീകരിക്കാന്‍ പൊതുഭരണ വകുപ്പിനോടു വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതു സംബന്ധിച്ച ഫയലുകള്‍ വിളിച്ചു പരിശോധിക്കാനും പൊതുഭരണവകുപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടാല്‍ തുടര്‍നടപടി സ്വീകരിക്കാനും വിവരാവകാശ കമ്മീഷനു സാധിക്കും.

പൌരന്മാരെ ശാക്തീകരിക്കുക, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കുക, അഴിമതി ഇല്ലാതാക്കുക, തുടങ്ങിയ ഉദാത്തമായ ലക്ഷ്യങ്ങളാണ് ആര്‍ടിഐ ആക്ടിന് ഉള്ളത്. വിവരാവകാശ നിയമത്തിന്റെ ഈ നല്ല ലക്ഷ്യങ്ങളും ഈ നിയമം വഴി പൊതുജീവിതത്തിലുണ്ടാകുന്ന സുതാര്യതയും ശ്ളാഘിക്കപ്പെടുന്നുണ്െടങ്കിലും ഈ നിയമം ദുരുപയോഗിക്കാനുള്ള ശ്രമങ്ങളും ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നുണ്ട്. എന്തിനും ഏതിനും വിവരാവകാശത്തിന്റെ വകുപ്പുകള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ കൂടുതല്‍ ഗൌരവമുള്ള കാര്യങ്ങള്‍ അവഗണിക്കപ്പെടരുത്.

വിവരാവകാശ നിയമം ആറാം ആധ്യായം 24-ാം വകുപ്പില്‍ ഏതാനും സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്, എന്‍ഫോഴ്സ്മെന്റ് ബ്യൂറോ, സിആര്‍പിഎഫ്, നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങി ഒന്നര ഡസന്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇപ്രകാരം ഒഴിവു ലഭ്യമായി. എന്നാല്‍, അഴിമതിയും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒഴിവു ബാധകമല്ലെന്ന് ഈ വകുപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. ഇങ്ങനെയൊരു മുന്‍കരുതലുണ്ടായിട്ടും നിയമത്തില്‍ ഇളവു വരുത്തി അതിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഒഴിവാക്കുകതന്നെ വേണം.

വിദേശകാര്യം, രാജ്യരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വിശാലമായ രാജ്യതാത്പര്യങ്ങള്‍ കണക്കിലെടുത്തു ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. രഹസ്യമായും സുരക്ഷിതമായും സൂക്ഷിക്കേണ്ട ധാരാളം വിവരങ്ങള്‍ ഓരോ രാജ്യത്തിനുമുണ്ട്. അത്തരം കാര്യങ്ങള്‍ വിവരാവകാശ നിയമത്തില്‍നിന്ന് ഒഴിവാക്കുകതന്നെ വേണം. എന്നാല്‍, ഈ നിയമം കൊണ്ടുവന്നപ്പോള്‍ അതിനു വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവ മറന്നുകൂടാ. അധികാരവും ഭരണനിര്‍വഹണവും ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമപരിധിയില്‍നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല.

മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരെക്കുറിച്ചു നടത്തുന്ന വിജിലന്‍സ് അന്വേഷണം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. ഉന്നതര്‍ക്കെതിരേ പരാതിപ്പെട്ടവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളാണ് എടുത്തിട്ടുള്ളതെന്നാണു വിശദീകരണം. വിവാദങ്ങളുണ്ടാകാവുന്ന ഉത്തരവുകള്‍ ഇറക്കുകയും പിന്നീടു വിമര്‍ശനമുയരുമ്പോള്‍ അവ പിന്‍വലിക്കുകയും ചെയ്യുന്നതു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു ദോഷം ചെയ്യും. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിനു നിയമോപദേശവും ഭരണപരമായ പിന്തുണയും നല്‍കേണ്ടവര്‍ തങ്ങളുടെ അഭിപ്രായം തുറന്നുപറയാത്തതു തെറ്റുതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.