ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
Friday, May 23, 2025 1:56 PM IST
കൊച്ചി: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
ചാർളി എന്ന ദുൽഖർ സൽമാൻ എന്ന സിനിമയിലൂടെയാണ് രാധാകൃഷ്ണൻ അഭിനയരംഗത്തെത്തിയത്. ചിത്രത്തിൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് രാധാകൃഷ്ണൻ അവതരിപ്പിച്ചത്.
കാമറ, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളിൽ നിരവധി ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്ന രാധാകൃഷ്ണൻ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള രാധാകൃഷ്ണൻ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ കൂടിയായിരുന്നു.
രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ഔദ്യോഗികമായി പങ്കുവച്ചിട്ടുണ്ട്.
‘ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനും സുഹൃത്തും പ്രചോദനവുമായ രാധാകൃഷ്ണൻ ചക്യാട്ടിന്റെ വേർപാട് ഹൃദയഭാരത്തോടെയാണ് പങ്കുവയ്ക്കുന്നത്. ഞങ്ങളുടെ ഫോട്ടോഗ്രാഫി യാത്രയിൽ ഒരു വഴികാട്ടിയായ അദ്ദേഹം ലോകത്തെ ലെൻസിലൂടെ എങ്ങനെ കാണാമെന്ന് മാത്രമല്ല, അതിന്റെ ആത്മാവിനെ എങ്ങനെ പകർത്താമെന്നും പഠിപ്പിച്ചു.
അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സാന്നിധ്യം കൊണ്ട് സ്പർശിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രാധ സാർ സമാധാനത്തോടെ വിശ്രമിക്കൂ. നിങ്ങൾ വളരെ മിസ് ചെയ്യും.’- കുറിപ്പിൽ പറയുന്നു