ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച് രാഹുൽ ഗാന്ധി
Thursday, July 20, 2023 10:15 PM IST
കോട്ടയം: ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച് രാഹുൽ ഗാന്ധി. പുതുപ്പള്ളി പള്ളിയിൽ എത്തിയാണ് രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചത്. കെ. സുധാകരനും കെ.സി. വേണുഗോപാലിനും ഒപ്പം എത്തിയാണ് രാഹുൽ പുഷ്പചക്രം അർപ്പിച്ചത്.
കൊച്ചിയിൽ എത്തിയ രാഹുൽ റോഡ് മാർഗമാണ് പുതുപള്ളിയിലെത്തിയത്. ഉമ്മന് ചാണ്ടിയുടെ വിലാപയാത്രയിലും രാഹുൽ ഗാന്ധി പങ്കുചേർന്നു. നേതാക്കളെയും പോലീസുകാരെയും അമ്പരപ്പിച്ച് രാഹുൽ വിലാപയാത്രയിൽ പങ്കുചേർന്നത്. രാത്രി ഏഴോടെ പുതുപ്പള്ളി പള്ളിയിലെത്തിയ രാഹുൽ അവിടെ കാത്തിരിക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ പുതിയ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച് വിലാപയാത്രയായി പള്ളിയിലേക്ക് എത്താനായിരുന്നു രാഹുൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ വലിയ ജനാവലിയുടെ ഇടയിൽ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി രാഹുലിനെ വിലക്കി.
പുതിയ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളും നേതാക്കളും പള്ളിയിലേക്ക് എത്തി. ഈ സമയം മൃതശരീരവും വഹിച്ചുള്ള വാഹനം പള്ളിയിലേക്ക് നീങ്ങി. ജനാവലി വാഹനത്തെ പിന്തുടർന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി ചാണ്ടി ഉമ്മനെയും വിളിച്ച് തന്റെ കാറിൽ കയറ്റി വിലാപയാത്രയ്ക്ക് അരികിലേക്ക് എത്തിയത്. അദ്ദേഹം പാതിവഴിയിൽ വിലാപയാത്രയിൽ പങ്കുചേർന്നത്.