ജനസാഗരത്തിൽ അലിഞ്ഞ് ജനനായകൻ... ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ നിത്യവിശ്രമം
Friday, July 21, 2023 12:03 AM IST
കോട്ടയം: ജനസാഗരത്തിൽ അലിഞ്ഞ് ജനനായകൻ. ഉമ്മൻ ചാണ്ടിക്ക് ഇനി പുതുപ്പള്ളിയിൽ നിത്യവിശ്രമം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ കിഴക്കുവടക്കായി വൈദീകരുടെ കബറിടത്തിനു സമീപം പുതിയ കല്ലറയിൽ ഇനി ഉമ്മൻ ചാണ്ടിക്ക് അന്തിവിശ്രമം.
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിലാണ് സമാപനശുശ്രൂഷകൾ നടന്നത്. സഭയിലെ 24 മെത്രാപ്പോലീത്താമാരും സഹകാർമികത്വം വഹിച്ചു. പുതുപ്പള്ളി പള്ളി വികാരി ഫാ.വർഗീസ് വർഗീസ് നേതൃത്വം നൽകി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കർമങ്ങളിൽ പങ്കെടുത്തു.
ശുശ്രൂഷകൾക്കുശേഷം ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദി പറഞ്ഞു. ഇതിനുശേഷമാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പ്രത്യേകം തയറാക്കിയ കല്ലറയിൽ സംസ്കരിച്ചത്.
സമാനതകളില്ലാത്ത യാത്രയയപ്പാണ് കേരള ജനത തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് നൽകിയത്. കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയ ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ യാതൊരുവിധ ഔദ്യോഗിക ബഹുമതിയും ഇല്ലാതെ വിശ്വാസപൂർണമായ പ്രാർഥനയോടെയാണ് സംസ്കാരം നടന്നത്.
എല്ലായ്പ്പോഴും ആൾക്കൂട്ടത്തിന്റെ നടുവിലായിരുന്ന നേതാവിന് അത്തരത്തിലൊരു യാത്രയാണ് കേരള ജനതയും ഒരുക്കിയത്. ജനസാഗരത്തിൽ അലിഞ്ഞാണ് ഉമ്മൻ ചാണ്ടി തന്റെ അന്ത്യ യാത്രയിൽ തിരുവനന്തപുരത്തുനിന്നും പുതുപ്പള്ളിയിലെത്തിച്ചത്.
ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും കോണ്ഗ്രസ് നേതാക്കളും വിലാപയാത്രയിൽ പൂർണസമയം ഒപ്പമുണ്ടായിരുന്നു. രാഹുൽ ഗാന്ധി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ. സുധാകരൻ, എം.എം. ഹസൻ, ബെന്നി ബെഹ് നാൻ, പി.ജെ. ജോസഫ്, പി.സി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്റോ ആന്റണി, അനുപ് ജേക്കബ്, ജോസ് കെ. മാണി, ടി. സിദ്ദീഖ്, പി.സി. വിഷ്ണുനാഥ് തുടങ്ങി നേതാക്കളും പുതുപ്പള്ളിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ തുടങ്ങിയവരും പുതുപള്ളിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ലക്ഷക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.