കനത്ത മഴ; ഹൈദരാബാദ്-ഡൽഹി മത്സരം ഉപേക്ഷിച്ചു
Monday, May 5, 2025 11:30 PM IST
ഹൈദരാബാദ്: ഐപിഎല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദ്-ഡൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ഇതോടെ ഇരു ടീമിനെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. ഡൽഹിക്ക് 13 പോയിന്റും ഹൈദരാബാദിന് ഏഴ് പോയിന്റും ആയി. ഇതോടെ സൺറൈസേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.
ഡൽഹിയുടെ ബാറ്റിംഗിന് ശേഷമാണ് മഴ എത്തിയത്. ഇതോടെ ഹൈദരാബാദിന് ആരംഭിക്കാൻ സാധിച്ചില്ല. പിന്നീട് മഴ പൂർണമായി മാറാത്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് എടുത്തത്. 62 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് വൻ തകർച്ചയെ നേരിട്ട ഡൽഹിയെ ട്രിസ്റ്റൻ സ്റ്റബ്സും അശുതോഷ് ശർമയും ചേർന്നാണ് കരകയറ്റിയത്. ഇരുവരും 41 റൺസ് വീതമാണ് എടുത്തത്. വിപ്രജ് നിഗം 18 റൺസ് എടുത്തു.
സൺറൈസേഴ്സിന് വേണ്ടി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റെടുത്തു. ജയ്ദേവ് ഉനദ്കട്ട്, ഹർഷൽ പട്ടേൽ, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.