ഹരിയാനയിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Tuesday, May 6, 2025 12:06 AM IST
ഫരീദാബാദ്: ഹരിയാനയിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഫരീദാബാദിലാണ് സംഭവം. സഹോദരനെ സ്കൂളിലേക്ക് അയക്കാൻ പോയ പത്താംക്ലാസ് വിദ്യാർഥിനിയായ 15കാരിയാണ് പീഡനത്തിനിരയായത്.
സഹോദരനെ സ്കൂളിൽ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ റോഡിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലേക്ക് ഒരാൾ വലിച്ചു കയറ്റി. തുടർന്ന് ഡ്രൈവർ വാഹനമോടിച്ച് മുന്നോട്ടുപോയപ്പോൾ കാറിനുള്ളിലുണ്ടായിരുന്ന രണ്ടാമത്തെയാൾ തന്നെ പീഡിപ്പിച്ചുവെന്ന് കുട്ടി പോലീസിന് മൊഴി നൽകി.
വൈകുന്നേരമായപ്പോൾ ഇവർ കുട്ടിയെ ഇറക്കിവിട്ടശേഷം പോകുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് ഇവർ പോലീസിനെ ബന്ധപ്പെട്ടു. ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.