ഹൽദി ആഘോഷത്തിനിടെ ഹൃദയാഘാതം; വിവാഹത്തലേന്ന് വധു മരിച്ചു
Tuesday, May 6, 2025 2:10 AM IST
ലക്നോ: വിവാഹത്തിനോടനുബന്ധിച്ചുള്ള ഹൽദി ആഘോഷങ്ങൾക്കിടെ വധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ഇസ്ലാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നൂർപൂർ പിനൗനി ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ച രാത്രി ഹാൽദി ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്യുകയായിരുന്നു ദീക്ഷ(22). ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ശുചിമുറിയിലേക്ക് പോയി.
എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ദിക്ഷ പുറത്തു വരാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ വാതിലിൽ മുട്ടി. എന്നാൽ പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ ദീക്ഷ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചതായി സ്ഥിരീകരിച്ചു.
മൊറാദാബാദ് ജില്ലയിലെ ശിവപുരി ഗ്രാമവാസിയും ഫാക്ടറി ജീവനക്കാരനായ സൗരഭുമായി തിങ്കളാഴ്ച ദീക്ഷയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നതായി പോലീസ് പറഞ്ഞു. കുടുംബം പരാതി നൽകാൻ വിസമ്മതിക്കുകയും പോസ്റ്റ്മോർട്ടം നടത്താൻ വിസമ്മതിക്കുകയും ചെയ്തുവെന്ന് ഇസ്ലാംനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിശാൽ പ്രതാപ് സിംഗ് പറഞ്ഞു.