അനധികൃത സ്വത്ത് സന്പാദനക്കേസ്: എം.ആർ. അജിത് കുമാറിനെതിരേയുള്ള ഹർജി ഇന്നു വീണ്ടും പരിഗണിക്കും
Tuesday, May 6, 2025 11:21 AM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വിജിലൻസ് കേസെടുക്കണമെന്ന പരാതി കോടതി ഇന്നു വീണ്ടും പരിഗണിക്കും. ക്രമസമാധാന ചുമതലയിലിരിക്കെ കുറവൻകോണത്തെ ഫ്ളാറ്റ് വിൽപ്പനയുൾപ്പെടെയുള്ള ഇടപാടുകളിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി അഡ്വ. പി. നാഗരാജുവാണ് കോടതിയിൽ പരാതി നൽകിയത്.
സർക്കാർ ഉദ്യോഗസ്ഥർ വസ്തുവകകൾ വാങ്ങുന്പോൾ ഗവണ്മെന്റിൽ നിന്നു മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അജിത് കുമാർ വീഴ്ച വരുത്തിയെന്നാണ് ഹർജിക്കാരന്റെ പരാതി. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഫ്ളാറ്റ് കൂടിയ വിലയ്ക്ക് മറിച്ച് വിറ്റുവെന്നും ചട്ടലംഘനമാണെന്നുമാണ് ഹർജിക്കാരൻ ആരോപിച്ചത്.
ഇതേക്കുറിച്ച് വിജിലൻസിനെ കൊണ്ട് കേസെടുപ്പിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. ജനുവരിയിൽ ഹർജി കോടതി പരിഗണിക്കുകയും വിജിലൻസിന്റെ ഭാഗം കേട്ടിരുന്നു. രണ്ട് മാസത്തെ സാവകാശം വേണമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു വിജിലൻസ് ലീഗൽ അഡ്വൈസർ തിരുവനന്തപുരം സ്പെഷൽ വിജിലൻസ് കോടതിയെ ധരിപ്പിച്ചത്.