യുഎൻ രക്ഷാസമിതി യോഗത്തിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ
Tuesday, May 6, 2025 12:15 PM IST
ന്യൂയോര്‍ക്ക്: യുഎൻ രക്ഷാസമിതി യോഗത്തിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ ആണവ ഭീഷണി മുഴക്കുന്നതിനെ ചോദ്യം ചെയ്ത് യുഎൻ രക്ഷാസമിതി അംഗങ്ങൾ രംഗത്തെത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് 15 അംഗ സെക്യൂരിറ്റി കൗണ്‍സില്‍ തിങ്കളാഴ്ച അടച്ചിട്ട മുറിയില്‍ യോഗം ചേര്‍ന്നത്.
ഭീകരാക്രമണവുമായി ബന്ധമില്ലെന്ന പാക് വാദം അംഗീകരിക്കാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ തയാറായില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകരസംഘടനയായ ലഷ്കർ-ഇ-തോയ്ബയ്ക്ക് പഹല്‍ഗാം ആക്രമണവുമായി ബന്ധമുണ്ടോയെന്നും ചോദ്യമുയര്‍ന്നു. ഇന്ത്യയുമായി ഉഭയകക്ഷി നീക്കത്തിലൂടെ വിഷയം പരിഹരിക്കാനായിരുന്നു പാക്കിസ്ഥാനോട് മറ്റ് അംഗരാജ്യങ്ങള്‍ നിര്‍ദേശിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തെ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളെ തിരിച്ചറിയേണ്ടതുണ്ടെന്നും യോഗത്തിൽ ആവശ്യമുയർന്നു.