കൊട്ടിക്കയറി ആവേശം; പൂരങ്ങളുടെ പൂരം കൊടിയേറി, ഉത്സവലഹരിയിൽ തൃശ്ശിവപേരൂർ
Tuesday, May 6, 2025 12:20 PM IST
തൃശൂർ: പാരമ്പര്യപ്പെരുമയുടെ പൂരാവേശത്തിന് ശക്തന്റെ മണ്ണായ തൃശ്ശിവപേരൂരിൽ തിരിതെളിഞ്ഞു. പുലർച്ചെ കണിമംഗലം ശാസ്താവ് തെക്കേഗോപുരനട വഴി വടക്കുന്നാഥന്റെ മണ്ണിൽ കാലുകുത്തിയതോടെ ഇരവു പകലാകുന്ന ജനസാഗരത്തിലേക്കു പൂരം ലയിച്ചു.
രാവിലെ ഏഴിനുതന്നെ ദേശത്തെ ആനന്ദത്തിൽ ആറാടിച്ച് നടപ്പാണ്ടിയുടെ അകന്പടിയിൽ അന്പാടിക്കണ്ണന്റെ കോലത്തിൽ തിരുവന്പാടി ഭഗവതി എഴുന്നള്ളി. ഭഗവതി നായ്ക്കനാലിലെ പന്തലിലെത്തി പറയെടുപ്പു പൂർത്തിയാക്കി നടുവിൽ മഠത്തിലേക്കു യാത്രയായി.
പിന്നാലെ വിവിധ ഘടക പൂരങ്ങൾ എഴുന്നള്ളിത്തുടങ്ങി. ദേശക്കാരുടെയും താളമേളങ്ങളുടെയും അകന്പടിയിൽ ശ്രീമൂലസ്ഥാനത്തേക്കു ഘടകപൂരങ്ങൾ കയറിയതോടെ പാണ്ടിയുടെ താളത്തിൽ പൂരം കൊടുന്പിരികൊണ്ടു. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി സാക്ഷാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി.
തുടർന്ന് ഇറക്കിപൂജയ്ക്കുശേഷം രാവിലെ പതിനൊന്നോടെ പ്രസിദ്ധമായ മഠത്തിൽവരവ് നടന്നു. പന്ത്രണ്ടരയോടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെടും. രണ്ടുമണിയോടെയാണ് ഇലഞ്ഞിത്തറ മേളം.
വൈകുന്നേരം നാലരയോടെ മേളം കലാശിച്ച് പാറമേക്കാവ് ഭഗവതിയുടെ തെക്കോട്ടിറക്കം. പാണ്ടിയുടെ അകന്പടിയിൽ അങ്ങാടി കണ്ടു മടങ്ങി സ്വരാജ് റൗണ്ടിൽ അണിനിരക്കുന്പോൾ കുടമാറ്റത്തിന് ദേവിക്കു പഞ്ചാരി താളം.
പാറമേക്കാവ് തെക്കേനട കടക്കുന്നതോടെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് തിരുവന്പാടി ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനകത്തു പ്രവേശിച്ച് തെക്കേ ഗോപുരനട കടന്ന് പാറമേക്കാവിന് അഭിമുഖമായി അണിനിരക്കുന്പോൾ സമയം അഞ്ചരയാകും. കുടമാറ്റസമയത്ത് തിരുവന്പാടിക്കു പാണ്ടിമേളമാണ്.
കുടമാറ്റത്തിനുശേഷം രാത്രി വീണ്ടും എഴുന്നള്ളിപ്പുകളുടെയും ചടങ്ങുകളുടെയും ആവർത്തനം. തിരുവന്പാടി, പാറമേക്കാവ് ഭഗവതിമാർ രാത്രിയിൽ എഴുന്നള്ളുന്പോൾ പാറമേക്കാവിനു പഞ്ചവാദ്യമാണ് അകന്പടിയാകുക. ചോറ്റാനിക്കര നന്ദപ്പൻ മാരാർ നേതൃത്വം നല്കും.
തിരുവന്പാടി നായ്ക്കനാലിലെ പന്തലിലും പാറമേക്കാവ് സ്വരാജ് റൗണ്ടിലൂടെ മണികണ്ഠനാലിലെ പന്തലിലും എത്തി ഒരാനപ്പുറത്ത് നിലയുറപ്പിക്കും. പുലർച്ചെ മൂന്നിന് ഇരുദേശങ്ങളുടെയും വെടിക്കെട്ടിനുശേഷം രാവിലെ ഏഴരയോടെ പകൽപ്പൂരം. എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി പാണ്ടിമേളങ്ങൾ കലാശിച്ച് ഉച്ചയ്ക്ക് ഒന്നിന് ഉപചാരം ചൊല്ലി പിരിയൽ. വെടിക്കെട്ടിനുശേഷം പൂരത്തിനു സമാപനമാകും.