കോൺഗ്രസിൽ വാക് പോര് കഴിഞ്ഞു; ഇനി പോസ്റ്റർ യുദ്ധം
Tuesday, May 6, 2025 1:02 PM IST
കോട്ടയം: കെപിസിസി നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ യുഡിഎഫ് മുന്നണിയിൽ അതൃപ്തി. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗ് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ദേശീയ നേതൃത്വത്തെ സമീപിച്ചു.
മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ യുഡിഎഫിനെ ബാധിക്കുമെന്നാണു മുന്നണികളുടെ വിലയിരുത്തൽ.
കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങൾക്കെതിരേ യൂത്ത് കോൺഗ്രസും രംഗത്തുവന്നിരുന്നു. നേതാക്കൾക്ക് പക്വതയില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആരോപണം. കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തുവന്നത്.
നേതൃമാറ്റവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനായ കെ. സുധാകരൻ തന്നെയായിരുന്നു പരസ്യമായി കോൺഗ്രസ് നേതൃത്വത്തിനെതിരേ ആദ്യം രംഗത്തെത്തിയത്. പിന്നാലെ കെ. മുരളീധരനും രമേശ് ചെന്നിത്തലയും പ്രതികരണവുമായി രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിലെ അതൃപ്തി പരസ്യമായി പുറത്തുവന്നു.
പാർട്ടി നേതൃത്വത്തിലേക്ക് ഹൈക്കമാൻഡ് ഒരാളെ തീരുമാനിക്കുന്പോൾ മറ്റുള്ളവർ അഭിപ്രായം പറയേണ്ട എന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ നിലപാട്. പുതുതായി കെപിസിസി പ്രസിഡന്റായി മാധ്യമങ്ങളിലൂടെ ചിലരുടെ പേരുവന്നപ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ ആളെ തിരിച്ചറിയാൻ കഴിയുന്ന വ്യക്തി ആകണമെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.
വ്യാപകമായി പോസ്റ്ററുകൾ
കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണത്തിന് തിരശീല വീണെങ്കിലും പോസ്റ്റർ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട് കണ്ണൂർ നഗരത്തിലും കോട്ടയത്തും വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
കെഎസ് തുടരണം എന്ന വാചകത്തോടെയായിരുന്നു കണ്ണൂരിലെ പോസ്റ്ററുകൾ. "പ്രതിസന്ധികളെ ഊർജമാക്കിയ നേതാവ്, താരാട്ട് കേട്ട് വളർന്നവനല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചത്.
കോട്ടയത്ത് കെപിസിസി പ്രസിഡന്റായി കെ.സുധാകരന് തുടരട്ടെയെന്ന പോസ്റ്റര്‍ സ്ഥാപിച്ചത് ആന്റോ ആന്റണിയുടെ സ്വന്തം തട്ടകമായ പൂഞ്ഞാറില്‍. ആന്റോയുടെ വീടിന്റെ പരിസരത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റ് ആക്കാനുള്ള നീക്കത്തിന് എതിരെയാണ് കോട്ടയത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പിന്തുണച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പാലാ മുതല്‍ ഈരാറ്റുപേട്ട വരെയുള്ള വിവിധ സ്ഥലങ്ങളിലാണ് കെ. സുധാകരനെ പിന്തുണച്ച് പോസ്റ്റര്‍ എത്തിയത്. സേവ് കോണ്‍ഗ്രസ് രക്ഷാസമിതി പൂഞ്ഞാര്‍ എന്ന പേരിലാണ് ജില്ലയിലെ പാലാ മുതല്‍ ഈരാറ്റുപേട്ട വരെയുള്ള സ്ഥലങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പിണറായിയെ താഴെയിറക്കി യുഡിഎഫ് അധികാരത്തില്‍ വരാന്‍ നട്ടെല്ലുള്ള നായകന് കെ. സുധാകരന് എംപി കെപിസിസി പ്രസിഡന്റായി തുടരട്ടെയെന്നു പ്രഖ്യാപിച്ചാണ് പോസ്റ്റര്‍ ഒട്ടിച്ചിരുന്നത്. കെ. സുധാകരന് മാറുമെന്ന രീതിയിലുള്ള പ്രചാരണം ഉണ്ടായപ്പോള്‍ തന്നെ കടുത്ത പ്രതിഷേധം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
ഇതാണ് ഇപ്പോള്‍ കൂടുതല്‍ ശക്തമായത്. ആന്റോയെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചാല്‍ പ്രതിഷേധം ശക്തമാക്കാനാണ് ഈ വിഭാഗത്തിന്റെ നീക്കം.