ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 21ന്
Tuesday, May 6, 2025 1:26 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 21 ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ നടന്നു വരികയാണ്. മേയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മേയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 4,13,581 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂണിൽ പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.
മേയ് 24ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിനും രണ്ടാം അലോട്ട്മെന്റ് ജൂൺ പത്തിനും മൂന്നാം അലോട്ട്മെന്റ് ജൂൺ 16നുമാണ്.
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.