എൽസ്റ്റൺ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്തു
Tuesday, May 6, 2025 2:50 PM IST
വയനാട്: മുണ്ടക്കൈ-ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനു ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്തു. പൂട്ടികിടന്ന ഫാക്ടറിയുടെ പൂട്ട് തകർത്താണ് ഉദ്യോഗസ്ഥർ ഫാക്ടറി ഏറ്റെടുത്തത്.
അതേസമയം ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ ഒഴിപ്പിക്കേണ്ടെന്ന് നേരത്തെ കളക്ടറുടെ ഉത്തരവുണ്ടായിരുന്നു. ഏഴ് ദിവസത്തിനകം ജീവനക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ടത് പ്രതിഷേധത്തിന് കാരണമായിരുന്നു. പിന്നാലെയാണ് ആൾ താമസമുള്ള ക്വാർട്ടേഴ്സുകൾ ഒഴിയേണ്ടെന്ന തീരുമാനമുണ്ടായത്.
ശമ്പള കുടിശികയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ പ്രതിഷേധത്തിനിടെയാണ് ക്വാർട്ടേഴ്സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് തഹസിൽദാർ നേരത്തെ നോട്ടീസ് നൽകിയത്.
എൽസ്റ്റൺ എസ്റ്റേറ്റിന്റെ 64.47 ഹെക്ടറിലാണ് പുതിയ ടൗൺഷിപ്പ് വരുന്നത്. എസ്റ്റേറ്റ് ഭൂമിക്ക് സര്ക്കാര് നിശ്ചയിച്ച വില വളരെ കുറവാണെന്നാണ് ഉടമകളുടെ വാദം.