ബസിനടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം
Tuesday, May 6, 2025 9:17 PM IST
തിരുവനന്തപുരം: ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റോഡിലേക്കു വീണ വയോധിക അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ പനച്ചമൂട് കൊളവിള സ്വദേശി സുന്ദരി (57 )ആണ് മരിച്ചത്.
പനച്ചമൂട് മഠം ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. ദേവികോട് കശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടമുണ്ടായത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാൽ വഴുതി റോഡിൽ വീണ സുന്ദരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളറട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.