വിവാദം കോൺഗ്രസിനും സർക്കാരിനും ഇടയിലാണ്; അതേക്കുറിച്ച് തനിക്കറിയില്ല: ശശി തരൂർ
Saturday, May 17, 2025 5:26 PM IST
തിരുവനന്തപുരം: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനുള്ള വിദേശയാത്രയ്ക്കായുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ബഹുമതിയായാണ് കാണുന്നതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ.പ്രതനിധി സംഘത്തെ നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരാണെന്നും താൻ അഭിമാനത്തോടെ യെസ് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
"താനൊരു പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയാണ്. വിവാദം കോൺഗ്രസിനും സർക്കാരിനും ഇടയിലാണ്. അതേക്കുറിച്ച് തനിക്കറിയില്ല'-ശശി തരൂർ വ്യക്തമാക്കി.
കേന്ദ്രസർക്കാരിൽ നിന്ന് പാർലമെന്ററി കാര്യ മന്ത്രിയാണ് തന്നെ വിളിച്ചതെന്നും ഈ ക്ഷണത്തെ കുറിച്ച് താൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. 88 മണിക്കൂർ നീണ്ട യുദ്ധം നമ്മൾ കണ്ടതാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നും തിരുവനന്തപുരം എംപി പറഞ്ഞു
ഭാരതം ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ, ഒരു പൗരനോട് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റണമെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് തന്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്തമായ അഭിപ്രായം കാണുമെന്നും. ആർക്കും തന്നെ അത്ര എളുപ്പത്തിൽ അപമാനിക്കാൻ കഴിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.