വിദേശ നിക്ഷേപം ഉയരുന്നു
Saturday, May 17, 2025 11:33 PM IST
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഈ ആഴ്ച വിദേശ നിക്ഷേപം ഉയർന്നു. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐകൾ) 16,400 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചിരിക്കുന്നത്.
ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ് (എഫ്പിഐകൾ) മേയ് 13 മുതൽ 16 വരെയായി 4452.3 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയതെന്ന് നാഷണൽ സെക്യൂരിറ്റിസ് ഡെപോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) കണക്കുകൾ വ്യക്തമാക്കി.
മേയ് 12ന് 1,246.48 കോടി രൂപയുടെയും 14ന് 931.80 കോടി രൂപയുടെയും മിതമായ നിക്ഷേപങ്ങൾക്കുശേഷം 15ന് 5,392.94 കോടി രൂപയുടെയും 16ന് 8,831.05 കോടി രൂപയുടെയും ഇന്ത്യൻ ഓഹരികൾ എഫ്ഐഐകൾ വാങ്ങിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തി. ഒന്പതിന് 3,798.71 കോടി രൂപയുടെ ഗണ്യമായ വിൽപ്പനയ്ക്ക് ശേഷമാണ് ഈ തിരിച്ചുവരവ്.
എഫ്പിഐകളിൽ ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിക്ഷേപം വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. അന്ന് എഫ്പിഐകൾ ഇന്ത്യൻ ഓഹരികളിൽ 5,746 കോടി രൂപയുടെ മൊത്തം നിക്ഷേപം നടത്തി. എന്നാൽ ആഴ്ചയിലുടനീളം ഈ പ്രവണത തുടർന്നില്ല. ചൊവ്വാഴ്ച, വിപണികളിൽ 2,388 കോടി രൂപയുടെ വിറ്റഴിക്കലാണ് നടന്നത്.
ഈ ആഴ്ചയിലെ നിക്ഷേപത്തോടെ, മേയിൽ ഇതുവരെ ഇന്ത്യൻ ഓഹരി വിപണികളിലേക്കുള്ള മൊത്തം എഫ്പിഐ നിക്ഷേപം 18,620 കോടി രൂപയിലെത്തി.
മേയ് മാസത്തിലെ പോസിറ്റീവ് പ്രവണത ഉണ്ടായിരുന്നിട്ടും, 2025ൽ എഫ്പിഐ വിൽപ്പനയ്ക്കാണ് മുൻതൂക്കം. വർഷാരംഭം മുതൽ, മൊത്തം എഫ്പിഐ പിൻവലിക്കൽ 93,731 കോടി രൂപയാണ്.
ആഗോള അനിശ്ചിതത്വങ്ങളും യുഎസ് ബോണ്ട് യീൽഡുകളുടെ വർധനവും നിക്ഷേപകരുടെ വികാരത്തെ ബാധിച്ച ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കനത്ത വിൽപ്പനയാണ് ഇതിന് പ്രധാന കാരണം.
ഏപ്രിലിൽ ഇന്ത്യൻ ഓഹരി വിപണികളിലെ എഫ്പിഐകളുടെ നിക്ഷേപം 4,223 കോടിയായിരുന്നു.
എൻഎസ്ഡിഎൽ കണക്കുകൾ കാണിക്കുന്നത് മാർച്ചിൽ എഫ്പിഐകൾ 3,973 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു എന്നാണ്. ജനുവരിയിലും ഫെബ്രുവരിയിലും അവർ യഥാക്രമം 78,027 കോടി രൂപയുടെയും 34,574 കോടി രൂപയുടെയും ഓഹരികൾ വിറ്റഴിച്ചു. തുടർച്ചയായ മൂന്നു മാസങ്ങളിലെ വിറ്റഴിക്കലിനുശേഷം ഏപ്രിലിലാണ് വിദേശ നിക്ഷേപർ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് നിക്ഷേപം തുടങ്ങിയത്.
മേയ് 9ന് വിദേശ നിക്ഷേപകർ വിൽപ്പന ക്കാരായപ്പോൾ, ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ (ഡിഐഐകൾ) ശക്തമായ വാങ്ങൽ നടത്തി. അന്ന് 7,277.74 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
12ന് 1,448.37 കോടി രൂപയുടെയും 14ന് 316.31 കോടി രൂപയുടെയും 16ന് 5,187.09 കോടി രൂപയുടെയും നിക്ഷേപം എത്തി. മേയ് 15ന് മാത്രമാണ് ഡിഐഐകൾ വിൽപ്പനക്കാരായത്. 1,668.47 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.