ഇസ്താംബൂൾ ചർച്ച: യുക്രെയ്ൻ കൂടുതൽ ഭൂമി വിട്ടുനല്‍കണമെന്ന് റഷ്യ
Sunday, May 18, 2025 12:36 AM IST
ഇസ്താംബൂൾ: വെടിനിർത്തലുണ്ടാകണമെങ്കിൽ യുക്രെയ്ൻ ഇനിയും സ്വന്തം ഭൂമി വിട്ടുനല്‍കണമെന്ന് റഷ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
വെള്ളിയാഴ്ച ഇസ്താംബൂളിൽ നടന്ന ചർച്ചയിലാണ് റഷ്യ ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നു വർഷത്തിനിടെ ഇരു വിഭാഗവും ആദ്യമായി നടത്തിയ മുഖാമുഖ ചർച്ചയിൽ യുദ്ധത്തടവുകാരെ പരസ്പരം മോചിപ്പിക്കാനുള്ള തീരുമാനം മാത്രമാണുണ്ടായത്.
ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, സാപ്പോറിഷ്യ, ഖേർസൺ എന്നീ പ്രദേശങ്ങളിലുള്ള അവകാശവാദം യുക്രെയ്ൻ പൂർണമായി ഉപേക്ഷിക്കണമെന്നാണ് റഷ്യയുടെ ആവശ്യം. യുദ്ധത്തിനിടെ പിടിച്ചെടുത്ത ഈ പ്രദേശങ്ങൾ പേരിനൊരു ഹിതപരിശോധന നടത്തി സ്വന്തം ഭൂമിയായി റഷ്യ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, നാലു പ്രദേശങ്ങളിലും റഷ്യക്കു പൂർണ നിയന്ത്രണമില്ല. ഇപ്പോഴും യുക്രെയ്ൻ സൈനികർ ഇവിടെ പോരാടുന്നുണ്ട്. ഈ സൈനികരെ പൂർണമായി പിൻവലിക്കണമെന്നാണ് ഇസ്താംബൂൾ ചർച്ചയിൽ റഷ്യ നിർദേശിച്ചത്.
ഈ നാലു പ്രദേശങ്ങളും, 2014ൽ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രിമിയയും റഷ്യയുടെ ഭാഗമാണെന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുകയും വേണം. യുക്രെയ്നെ നിരായുധവത്കരിക്കണം, പാശ്ചാത്യ സൈനികർ യുക്രെയ്നിൽ ഉണ്ടാകരുത്, യുദ്ധത്തിലെ നാശത്തിന് ഇരു വിഭാഗവും നഷ്ടപരിഹാരം ചോദിക്കരുത് എന്നും റഷ്യ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ റഷ്യൻ സംഘം വാക്കാൽ ഉന്നയിക്കുകയായിരുന്നുവെന്നും രേഖകൾ നല്‍കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വെടിനിർത്തലിനായി യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങൾക്കു വിരുദ്ധമാണ് റഷ്യയുടെ ആവശ്യങ്ങൾ. സമാധാന ചർച്ചയോടുള്ള റഷ്യൻ സമീപനം ഗൗരവതരമല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ ആവശ്യങ്ങളെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
റഷ്യക്കെതിരേ കൂടുതൽ ഉപരോധം പ്രഖ്യാപിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപിനുമേൽ യുക്രെയ്നും പാശ്ചാത്യ മിത്രങ്ങളും സമ്മർദം ചെലുത്തുന്നതായും സൂചനയുണ്ട്.