കോഴിക്കോട്ടെ തീപിടിത്തം; ബിസിനസ് പങ്കാളികൾ തമ്മിലുള്ള തർക്കത്തിലേക്കും അന്വേഷണം
Monday, May 19, 2025 5:39 PM IST
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. തീ പടരാനുള്ള കാരണവും മറ്റു വീഴ്ചകളും ജില്ലാ ഫയർ ഓഫീസറും പരിശോധിക്കുന്നുണ്ട്. ഇന്ന് തന്നെ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാനാണ് നീക്കം.
അതേസമയം തീപിടിത്തത്തിന്റെ പിന്നിൽ വ്യാപാര സ്ഥാപനത്തിന്റെ പങ്കാളികൾ തമ്മിലുള്ള തർക്കമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കാലിക്കറ്റ് ടെക്സ്റ്റൈയിൽസിന്റെ ഉടമ മുകുന്ദനെ മുൻ ബിസിനസ് പങ്കാളി പ്രകാശൻ ഒരുമാസം മുമ്പ് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
ഈ കേസിൽ പ്രകാശൻ ഇപ്പോഴും റിമാൻഡിലാണ്. നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ പരസ്പരം ഇടിച്ച് നിരത്തുകയും ചെയ്തിരുന്നു. ഇതും പോലീസ് പരിശോധിക്കുന്നുണ്ട്. ദുരൂഹതയില്ലെന്നും ഷോർട്ട് സർക്യൂട്ടാകാം തീപടരാൻ കാരണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്.
ബിസിനസ് പങ്കാളികൾ തമ്മിലുള്ള തർക്കം പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു.