സ്വതന്ത്ര വ്യാപാര കരാർ; ഇന്ത്യയും യൂറോപ്യൻ യൂണിയനും രണ്ടു ഘട്ടങ്ങളിലായി കരാറിലെത്തും
Tuesday, May 20, 2025 12:00 AM IST
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് രണ്ട് ഘട്ടങ്ങളിലായി കരാറിലെത്താൻ ധാരണയായതായി ഉദ്യോഗസ്ഥർ. പതിനൊന്നാം റൗണ്ട് ചർച്ചകളിലാണ് ഈ തീരുമാനം. 11-ാം റൗണ്ട് ചർച്ചകൾ മേയ് 16ന് അവസാനിച്ചിരുന്നു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കീഴിലുള്ള യുഎസ് താരിഫ് നടപടികൾ കാരണം ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രണ്ടു ഘട്ടങ്ങളിലായി കരാർ അവസാനിപ്പിക്കാൻ ഇരുപക്ഷവും തീരുമാനിക്കുകയായിരുന്നു. ചരക്ക്, സേവനങ്ങൾ, നിക്ഷേപം എന്നിവയ്ക്കുള്ള വിപണി പ്രവേശനം പോലുള്ള പ്രധാന മേഖലകളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
വ്യാപാരത്തിന് അത്ര പ്രധാനമല്ലാത്ത ചില വിഷയങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുമെങ്കിൽ, പ്രധാന വ്യാപാര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർധ്വാൾ കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു. ഈ നയമാണ് ചർച്ചകൾക്കുള്ള സംഘം പിന്തുടരുന്നത്.
ഓട്ടോമൊബൈലുകളിലും മെഡിക്കൽ ഉപകരണങ്ങളിലും ഗണ്യമായ തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം, വൈൻ, സ്പിരിറ്റ്, മാംസം, കോഴി തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നും ബൗദ്ധിക സ്വത്തവകാശ സംരക്ഷണം നൽകണമെന്നും യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്നു.
ചർച്ചകൾ വിജയകരമായാൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സ്റ്റീൽ, പെട്രോളിയം ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ മെഷീനറികൾ തുടങ്ങിയ ഇന്ത്യൻ ഉത്പന്നങ്ങളുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി കൂടുതൽ മത്സരാധിഷ്ഠിതമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിപണി പ്രവേശന ആശങ്കകളെത്തുടർന്ന് 2013ൽ അഭിപ്രായ വ്യത്യാസമുണ്ടായതോടെ എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം 2022 ജൂണിലാണ് ഇന്ത്യയും 27 അംഗ യൂറോപ്യൻ യൂണിയൻ ബ്ലോക്കും ചർച്ചകൾ പുനരാരംഭിച്ചത്. മേയ് ഒന്നിന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ കരാറിലെ പുരോഗതി ചർച്ച ചെയ്യാൻ ബ്രസൽസിൽ ഉണ്ടായിരുന്നു.
2023-24ൽ യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 137.41 ബില്യണ്‍ യുഎസ് ഡോളറായിരുന്നു (75.92 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയും 61.48 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇറക്കുമതിയും), ഇത് യൂറോപ്യൻ യൂണിയനെ ഇന്ത്യയുടെ ഏറ്റവും വലിയ ചരക്ക് വ്യാപാര പങ്കാളിയായി മാറ്റുന്നു.
ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 17 ശതമാനം യൂറോപ്യൻ യൂണിയനിൽനിന്നാണ്, അതേസമയം ഇന്ത്യയിലേക്കുള്ള കയറ്റുമതി മൊത്തം യൂറോപ്യൻ യൂണിയൻ വിദേശ വില്പനയുടെ ഒന്‍പതു ശതമാനമാണ്.