സർക്കാരിന്റെ വ്യാജ അവകാശവാദങ്ങൾ തകർന്ന് വീഴുന്ന കാഴ്ചയാണ് ദേശീയ പാത: വി.ഡി. സതീശൻ
Sunday, May 25, 2025 12:33 AM IST
തിരുവനന്തപുരം: സർക്കാരിന്റെ വ്യാജ അവകാശവാദങ്ങൾ തകർന്ന് വീഴുന്ന കാഴ്ചയാണ് ദേശീയ പാതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ പ്രോഗ്രസ് കാർഡിലെ ഏറ്റവും വലിയ അവകാശവാദം ദേശീയ പാതയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സ്വയം പുകഴ്ത്തൽ റിപ്പോർട്ട് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ട്. ദേശീയ പാതയുടെ നിർമാണ തകർച്ചയിൽ സർക്കാരിന് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എവിടെയാണ് മണ്ണ് പരിശോധന നടത്തിയിരിക്കുന്നതെന്നും കേരളത്തിന്റെ മണ്ണിന്റെ ഘടന എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇതിന് മുൻപും റോഡ് നിർമാണം അശാസ്ത്രീയമായാണ് നടക്കുന്നതെന്ന പരാതി പ്രതിപക്ഷം ഉന്നയിച്ചിരുന്നെന്നും സതീശൻ പറഞ്ഞു.
ദേശീയപാത തകരുന്നതിൽ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.