അൻവറിന്റേത് സമ്മര്‍ദതന്ത്രം; വിലപേശലിന് വഴങ്ങില്ലെന്ന് കോൺഗ്രസ്
Tuesday, May 27, 2025 12:02 PM IST
മലപ്പുറം: പി.വി അൻവറിന്റെ വിലപേശലിന് വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. യുഡിഎഫ് പ്രവേശനം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം. ഷൗക്കത്തിനെതിരേ അന്‍വര്‍ പരസ്യ നിലപാടെടുത്തത് അതിരുവിട്ട പ്രതികരണമായിപ്പോയെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
ഇതിനിടെ പി.വി അൻവറുമായി കെ.സുധാകരൻ ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി മഞ്ചേരിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നിലന്പൂരിൽ പരസ്യമായ കലാപത്തിലേക്ക് പോകരുതെന്ന് സുധാകരൻ അൻവറിനോട് അഭ്യർഥിച്ചിട്ടുണ്ട്.
എന്നാല്‍ സമ്മര്‍ദതന്ത്രമാണ് അന്‍വര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷി ആക്കിയില്ലെങ്കില്‍ അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് തൃണമൂൽ നേതൃത്വം ഇന്ന് അറിയിച്ചത്.
ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് തീരുമാനം അറിയിക്കണമെന്നും തൃണമൂലിന്റെ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇ.എ.സുകു അറിയിച്ചു. അന്‍വറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി നേതൃത്വം മാധ്യമങ്ങളെ കണ്ടത്.