ലോകത്തിലെ മികച്ച 12 ടെക് നഗരങ്ങളിൽ ബംഗളൂരുവും
Wednesday, May 28, 2025 1:07 AM IST
മാൻഹാട്ടൻ: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാങ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി. സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5% നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4% വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.