തുടർച്ചയായി രണ്ടു പാദങ്ങളിലും ബിഎസ്എൻഎൽ ലാഭത്തിൽ
Thursday, May 29, 2025 12:19 AM IST
ന്യൂഡൽഹി: പതിനെട്ട് വർഷത്തിനിടെ ആദ്യമായി തുടർച്ചയായി രണ്ടുപാദങ്ങളിൽ ലാഭമുണ്ടാക്കി പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ.
മാർച്ച് 31ന് അവസാനിച്ച നാലാമത്തെ പാദത്തിൽ 280 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്റെ അറ്റാദായം. ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് കന്പനി ഈ നേട്ടം സ്വന്തമാക്കുന്നത്.
ഒരു വർഷം മുന്പ് ഇതേ കാലയളവിൽ, ബിഎസ്എൻഎൽ 849 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2025 സാന്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 262 കോടി രൂപയായിരുന്നു കന്പനിയുടെ ലാഭം. എന്നാൽ നാലാമത്തെ പാദത്തിൽ ഇത് മറികടക്കുകയായിരുന്നു.
2025 സാന്പത്തികവർഷം മൊത്തത്തിൽ നോക്കിയാൽ കന്പനി നഷ്ടത്തിലാണ്. 2,247 കോടി രൂപയാണ് കന്പനിയാണ് മൊത്തം നഷ്ടം. എന്നാൽ, തൊട്ടുമുൻപത്തെ സാന്പത്തികവർഷവുമായി താരതമ്യം ചെയ്യുന്പോൾ നഷ്ടത്തിൽ ഗണ്യമായ കുറവുണ്ട്. 2024 സാന്പത്തികവർഷത്തിൽ നഷ്ടം 5,370 കോടിരൂപയായിരുന്നു.
കന്പനിയുടെ പ്രവർത്തന വരുമാനവും വർധിച്ചു. 2025 സാന്പത്തികവർഷത്തിൽ 7.8 ശതമാനം വർധനയോടെ 20,841 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്റെ പ്രവർത്തന വരുമാനം വർധിച്ചത്. മുൻവർഷമിത് 19,330 കോടി രൂപയായിരുന്നു.