ഓഹരി വിപണികളിൽ തിരിച്ചുവരവ്
Thursday, May 29, 2025 11:45 PM IST
മുംബൈ: രണ്ടു ദിവസത്തെ തകർച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരിവിപണികൾ നേട്ടത്തിലെത്തി. ഇന്നലെ വ്യാപാരത്തിടെ നഷ്ടത്തിലെത്തിയെങ്കിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സെൻസെക്സും നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് നിഫ്റ്റിയും തിരിച്ചുവന്നു. എൻഎസ്ഇയിൽ എഫ്എംസിജിയും പൊതുമേഖല ബാങ്കും ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലെത്തി.
സെൻസെക്സ് 320.70 പോയിന്റ് (0.39%) ഉയർന്ന്81,633.02ലും നിഫ്റ്റി 81.15 പോയിന്റ് (0.33%) കയറി 24,833.60ലും ക്ലോസ് ചെയ്തു. 1948 ഓഹരികൾ മുന്നേറിയപ്പോൾ 1877 എണ്ണം താഴ്ന്നു. 126 എണ്ണത്തിൽ മാറ്റമില്ലായിരുന്നു. വിശാല സൂചികകളായ മിഡ്കാപും സ്മോൾകാപും മുന്നേറി. മേഖലാ സൂചികകളിൽ നിഫ്റ്റി മെറ്റലാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത്.
എൻഎസ്ഇയിൽ ഇന്നലെ നടന്ന വ്യാപാരത്തിൽ ഐഎഫ്ബി അഗ്രോ, ക്വാളിറ്റി പവർ ഇലക്ട്രിക്, പിൽ ഇറ്റാലിക്ക ലൈഫ്സ്റ്റൈൽ, ശ്രീ ഗ്ലോബൽ, വെൽസ്പം കോർപ് എന്നിവയുടെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയരത്തിലെത്തി.
മറുവശത്ത് ലാസ സൂപ്പർജെനറിക്സ്, ഭാരത് രസായൻ, നവ്കർ ബിൽഡേഴ്സ്, കലിഫോർണിയ സോഫ്റ്റ് (പിപി), ബോർണ വീവ്സ് എന്നിവയുടെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.