ല​ക്‌​നോ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നാ​മ​ത് റ​ൺ ചേ​സിം​ഗി​ലൂ​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ രാ​ജ​കീ​യ ജ​യം.

18-ാം സീ​സ​ൺ ഐ​പി​എ​ല്ലി​ലെ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ആ​ർ​സി​ബി ആ​റ് വി​ക്ക​റ്റി​ന് ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ കീ​ഴ​ട​ക്കി. ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്തി​ന്‍റെ (118 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി മി​ക​വി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് 20 ഓ​വ​റി​ൽ 227 റ​ൺ​സ് കെ​ട്ടി​പ്പൊ​ക്കി. എ​ന്നാ​ൽ, ക്യാ​പ്റ്റ​ൻ ജി​തേ​ഷ് ശ​ർ​മ​യു​ടെ​യും (33 പ​ന്തി​ൽ 85 നോ​ട്ടൗ​ട്ട്), മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​ന്‍റെ​യും (23 പ​ന്തി​ൽ 41 നോ​ട്ടൗ​ട്ട്) മി​ക​വി​ൽ ജ​യ​ത്തി​ലെ​ത്തി.

228 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നാ​യി ഫി​ൽ സാ​ൾ​ട്ടും (19 പ​ന്തി​ൽ 30) വി​രാ​ട് കോ​ഹ്‌​ലി​യും (30 പ​ന്തി​ൽ 54) ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 5.4 ഓ​വ​റി​ൽ 61 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. ര​ജ​ത് പാ​ട്ടി​ദാ​ർ (14), ലി​യാം ലി​വിം​ഗ്സ്റ്റ​ൺ (0) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച മാ​യ​ങ്ക് അ​ഗ​ർ​വാ​ളും ജി​തേ​ഷ് ശ​ർ​മ​യും ആ​ർ​സി​ബി​യെ ജ​യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ച്ചു.

തീ​പ​ന്ത്

2025 മെ​ഗാ താ​ര​ലേ​ല​ത്തി​ല്‍ ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ക​ളി​ക്കാ​ര​ന്‍ (27 കോ​ടി രൂ​പ) എ​ന്ന റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ ഋ​ഷ​ഭ് പ​ന്ത് ആ​ദ്യ​മാ​യി മി​ന്നി​ത്തി​ള​ങ്ങി​യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്.


2025 സീ​സ​ണി​ലെ അ​വ​സാ​ന ലീ​ഗ് പോ​രാ​ട്ട​ത്തി​ല്‍ ടോ​സ് നേ​ടി​യ ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ് ക്യാ​പ്റ്റ​ന്‍ ഋ​ഷ​ഭ് പ​ന്ത് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. എ​യ്ഡ​ന്‍ മാ​ക്ര​ത്തി​നു പ​ക​ര​മാ​യി ഓ​പ്പ​ണിം​ഗ് ഇ​റ​ങ്ങി​യ മാ​ത്യു ബ്രീ​റ്റ്‌​സ്‌​കെ​യ്ക്ക് (12 പ​ന്തി​ല്‍ 14) കാ​ര്യ​മാ​യി തി​ള​ങ്ങാ​ന്‍ സാ​ധി​ച്ചി​ല്ല. എ​ന്നാ​ല്‍, മൂ​ന്നാം ന​മ്പ​റി​ല്‍ ക്രീ​സി​ലെ​ത്തി​യ ഋ​ഷ​ഭ് പ​ന്ത് ത​ക​ര്‍​ത്ത​ടി​ച്ചു. നേ​രി​ട്ട 29-ാം പ​ന്തി​ല്‍ പ​ന്ത് അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി.

ഓ​പ്പ​ണ​ര്‍ മി​ച്ച​ല്‍ മാ​ര്‍​ഷി​നൊ​പ്പം ര​ണ്ടാം വി​ക്ക​റ്റി​ല്‍ 152 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടും ഋ​ഷ​ഭ് പ​ന്ത് പ​ടു​ത്തു​യ​ര്‍​ത്തി. 37 പ​ന്തി​ല്‍ അ​ഞ്ച് സി​ക്‌​സും നാ​ല് ഫോ​റും അ​ട​ക്കം 67 റ​ണ്‍​സ് നേ​ടി​യ മി​ച്ച​ല്‍ മാ​ര്‍​ഷി​നെ പു​റ​ത്താ​ക്കി ഭു​വ​നേ​ശ്വ​ര്‍ കു​മാ​റാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്.

61 പ​ന്തി​ല്‍ എ​ട്ട് സി​ക്‌​സും 11 ഫോ​റും അ​ട​ക്കം 118 റ​ണ്‍​സു​മാ​യി ഋ​ഷ​ഭ് പ​ന്ത് പു​റ​ത്താ​കാ​തെ നി​ന്നു. വി​മ​ർ​ശ​ക​ർ​ക്കു​ള്ള മ​റു​പ​ടി​യാ​യി സെ​ഞ്ചു​റി​ക്കു​ശേ​ഷം ക​ര​ണം​മ​റി​ഞ്ഞാ​യി​രു​ന്നു പ​ന്തി​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം.

പ്ലേ ഓഫ് ഇങ്ങനെ

ഐ​പി​എ​ൽ ക്വാ​ളി​ഫ​യ​ർ ഒ​ന്നി​ൽ ലീ​ഗ് ടേ​ബി​ൾ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ പ​ഞ്ചാ​ബ് കിം​ഗ്സി​നെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബംഗളൂരു നേ​രി​ടും. ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സും മും​ബൈ ഇ​ന്ത്യ​ൻ​സും ത​മ്മി​ലാ​ണ് പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ടം.