ലെവൻ & ബാഴ്സ @ 100 ഗോൾ
Tuesday, May 27, 2025 1:01 AM IST
ബില്‍ബാവോ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2024-25 സീസണ് എഫ്സി ബാഴ്സലോണ ജയത്തോടെ അവസാനിപ്പിച്ചു.
നേരത്തേതന്നെ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയ ബാഴ്സലോണ, ലീഗിലെ അവസാന റൗണ്ടില്‍ അത്ലറ്റിക്കോ ബില്‍ബാവോയെ അവരുടെ തട്ടകത്തില്‍വച്ച് 3-0നു കീഴടക്കി. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ (14’, 18’) ഇരട്ട ഗോളിനൊപ്പം ഡാനി ഓള്‍മോയുടെ (90+4’) പെനാല്‍റ്റിയും ചേര്‍ന്നതായിരുന്നു ബാഴ്സയുടെ ജയം.
രണ്ടു തവണ ബില്‍ബാവോയുടെ വല ചലിപ്പിച്ചതോടെ ബാഴ്സലോണ ജഴ്സിയില്‍ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി 101 ഗോളിലെത്തി. അതേസമയം, ലാ ലിഗ 2024-25 സീസണില്‍ ബാഴ്സലോണയും 100 ഗോള്‍ തികച്ചു. 3-0നു ബില്‍ബാവോയെ കീഴടക്കിയതോടെ ബാഴ്സ ഈ സീസണില്‍ 102 ഗോള്‍ സ്വന്തമാക്കി.
38 മത്സരങ്ങളില്‍നിന്ന് 88 പോയിന്റുമായാണ് ബാഴ്സലോണ സീസണ് അവസാനിപ്പിച്ചത്. രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് 84ഉം മൂന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിന് 76ഉം പോയിന്റാണ്.