ആര്യാടന്റെ ഓർമകൾക്കു മുന്നിൽ പ്രാർഥനയോടെ ഷൗക്കത്തിന്റെ പ്രചാരണത്തുടക്കം
Wednesday, May 28, 2025 1:07 AM IST
നിലന്പൂർ: മൂന്നര പതിറ്റാണ്ടോളം നിലന്പൂരിന്റെ എംഎൽഎയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ കബറിടത്തിൽ പ്രാർഥനകളോടെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വൈകാരിക തുടക്കം.
സ്ഥാനാർഥിനിർണയത്തിൽ അവസാന നിമിഷം വരെ ഉയർന്ന പേരുകാരനായ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്കും മുസ്ലിം ലീഗ്, കോണ്ഗ്രസ് നേതാക്കൾക്കും ഒപ്പമാണ് ഇന്നലെ രാവിലെ ഒന്പതോടെ ഷൗക്കത്ത് മുക്കട്ട വലിയ മസ്ജിദിലെ ആര്യാടന്റെ കബറിടത്തിലെത്തിയത്.
പ്രിയ പിതാവിന്റെ കബറിടത്തിൽ പ്രാർഥനകളുമായി മുട്ടുകുത്തി തലകുനിച്ച് ഷൗക്കത്ത് വിതുന്പി. വി.എസ്. ജോയിയും മലപ്പുറം ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ ഇസ്മായിൽ മൂത്തേടവും ഷൗക്കത്തിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
നിലന്പൂർ തിരിച്ചുപിടിക്കുക എന്ന ആര്യാടൻ സാറിന്റെയും പ്രകാശേട്ടന്റെയും സ്വപ്നം പൂർത്തീകരിക്കുമെന്ന് വി.എസ്. ജോയി പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഒരു കൈയും മെയ്യുമായി വിജയത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും ജോയ് പറഞ്ഞു.
പിതാവ് ചെയ്തുവച്ച കാര്യങ്ങൾ പൂർത്തീകരിക്കാനാണു വോട്ട് ചേദിക്കുന്നതെന്ന് ഷൗക്കത്ത് പറഞ്ഞു. ആര് സ്ഥാനാർഥി എന്നതല്ല. നിലന്പൂർ മണ്ഡലം തിരിച്ചുപിടിച്ച് ആര്യാടൻ മുഹമ്മദിന്റെ സ്വപ്നം യാഥാർഥ്യമാക്കുകയാണു ലക്ഷ്യം. താനായാലും വി.എസ്. ജോയിയായാലും നിലന്പൂർ മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് പിതാവ് ആഗ്രഹിച്ചിരുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
തുടർന്ന് നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന ദേവാലയത്തിലെത്തി അസിസ്റ്റന്റ് വികാരി ഫാ. അനൂപിനെ സന്ദർശിച്ച് ഷൗക്കത്ത് അനുഗ്രഹം തേടി. എടക്കര ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ഓഫീസിലെ മുൻ ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ചന്തക്കുന്ന് മാർത്തോമ പള്ളി, ചുങ്കത്തറ എംപിഎം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും സന്ദർശിച്ച് അനുഗ്രഹം തേടി.
സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോണ്ഗ്രസിൽ കടുത്ത ഭിന്നത നിലനിൽക്കുന്നു എന്ന പ്രചാരണത്തിനിടെ വി.എസ്. ജോയിയും ആര്യാടൻ ഷൗക്കത്തും ഒന്നിച്ച് പ്രചാരണത്തിന് തുടക്കംകുറിച്ചത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ആര്യാടൻ മുഹമ്മദിന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ ഓർമകളിൽ ആവേശഭരിതരാണ് പ്രവർത്തകരും നേതാക്കളും. രണ്ടാം ഊഴത്തിൽ വിജയം തന്നെയാണ് ആര്യാടൻ ഷൗക്കത്തും യുഡിഎഫും ലക്ഷ്യം വയ്ക്കുന്നത്.