സൗദിക്കു സലാം!! ക്രിസ്റ്റ്യാനോ അല്‍ നസര്‍ വിടുന്നു?
Wednesday, May 28, 2025 1:07 AM IST
റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സി വിടുന്നതായി സൂചന. ‘’ഈ അധ്യായം കഴിഞ്ഞു. കഥ ഇനിയും തുടരും. എല്ലാവര്ക്കും നന്ദി’’ എന്ന് ക്രിസ്റ്റ്യാനോ സോഷ്യന്‍ മീഡിയയില്‍ കുറിച്ചു.
ഇതാണ് സിആര്‍7 സൗദി അറേബ്യയോടു സലാം പറയുകയാണെന്ന അഭ്യൂഹം ശക്തമാക്കിയത്. എന്നാല്‍, ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.
2023 ജനുവരി ഒന്നിനാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ എത്തിയത്. 2025 ജൂണ്‍ 30വരെയാണ് അല്‍ നസറും ക്രിസ്റ്റ്യാനോയും തമ്മിലുള്ള കരാര്‍.
സൗദി പ്രൊ ലീഗില്‍ അല്‍ ഫത്തേഹിനെതിരേ 3-2ന് അല്‍ നസര്‍ പരാജയപ്പെട്ട മത്സരത്തിനുശേഷമാണ് റൊണാള്‍ഡോ ക്ലബ് വിടുന്നതായി സൂചിപ്പിച്ചുള്ള കുറിപ്പിട്ടത്. മത്സരത്തില്‍ അല്‍ നസറിനായി 42-ാം മിനിറ്റില്‍ സിആര്‍7 ഗോള്‍ നേടിയിരുന്നു. 2024-25 സൗദി പ്രൊ ലീഗില്‍ 25 ഗോളുമായി ടോപ് സ്കോററായതും റൊണാള്‍ഡോയാണ്.
ബ്രസീലിലേക്ക് ?
ബ്രസീല്‍ ക്ലബ്ബിലേക്കു ചേക്കേറാനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുങ്ങുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനിടെ സജീവമായി. ഒരു ബ്രസീല്‍ ക്ലബ്ബില്‍നിന്ന് ആകര്‍ഷകമായ ഓഫര്‍ താരത്തിനു വന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫിഫ ക്ലബ് ലോകകപ്പില്‍ കളിക്കാനുള്ള അവസരം ഉള്‍പ്പെടെയാണ് റൊണാള്‍ഡോയ്ക്കു മുന്നിലുള്ള ബ്രസീല്‍ ഓഫര്‍.
ബോട്ടഫോഗോ, ഫ്ളുമിനെന്‍സ്, ഫ്ളെമെംഗോ, പാല്‍മീറസ് എന്നീ ടീമുകളാണ് ജൂണ്‍ 14 മുതല്‍ ജൂലൈ 13വരെ അമേരിക്കയില്‍ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ബ്രസീലില്‍നിന്നു പങ്കെടുക്കുന്നത്.
അല്‍ നസര്‍ എഫ്സിക്കുവേണ്ടി 105 മത്സരങ്ങളില്‍ 99 ഗോള്‍ റൊണാള്‍ഡോ സ്വന്തമാക്കി. കരിയറില്‍ 937 ഗോളുകളുടെ (ക്ലബ് തലത്തില്‍ 801, രാജ്യാന്തരം 136) ഉടമയാണ് നാല്‍പ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.