2025 ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം
Wednesday, May 28, 2025 1:07 AM IST
ഗുമി സി (ദക്ഷിണകൊറിയ): 2025 ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യക്കു സ്വര്‍ണ നേട്ടം. പുരുഷ വിഭാഗം 10,000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ഗള്വീര് സിംഗ് സ്വര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞു.
28:38.63 സെക്കന്‍ഡിലാണ് ഇന്ത്യന്‍ താരം ഫിനിഷിംഗ് ലൈന്‍ കടന്നത്. നിലവിലെ ദേശീയ റിക്കാര്‍ഡ് (27:00.22) ഗള്വീറിന്റെ പേരിലാണ്. ബെഹ്റിന്റെ അലി കിബിചി റോപ്പിനെ പിന്തള്ളിയായിരുന്നു ഗള്വീറിന്റെ സുവര്‍ണ നേട്ടം.
ചരിത്രത്തിലെ മൂന്നാം സ്വര്‍ണം
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യ പുരുഷ വിഭാഗം 10,000 മീറ്റര്‍ ഓട്ടത്തിലൂടെ സ്വന്തമാക്കുന്ന മൂന്നാമത് സ്വര്‍ണമാണ് ഗള്വീറിന്റേത്. 1975ല്‍ ഹരി ചന്ദും 2017ല്‍ ജി. ലക്ഷ്മണനും മാത്രമേ മുമ്പ് പുരുഷ 10,000 മീറ്ററില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയിട്ടുള്ളൂ.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഗുള്വീറിന്റെ രണ്ടാമത് മെഡലാണിത്. 2023ല്‍ 5000 മീറ്ററില്‍ വെങ്കലവും ഈ ഉത്തര്പ്രദേശുകാരന് സ്വന്തമാക്കിയിരുന്നു. 2022 ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്ററില്‍ വെങ്കലം നേടിയ ചരിത്രവും ഈ ഇരുപത്താറുകാരനു സ്വന്തം.
ആദ്യ മെഡല്‍ സെര്വിന്
2025 ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ എത്തിയ ആദ്യ മെഡല്‍ സെര്വിന് സെബാസ്റ്റ്യന്റെ വകയായിരുന്നു. പുരുഷ വിഭാഗം 20 കിലോമീറ്റര്‍ നടത്തത്തില്‍ സെര്വിന് സെബാസ്റ്റ്യന്‍ വെങ്കലം സ്വന്തമാക്കി. കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് (1:21:13.60) തമിഴ്നാട് സ്വദേശിയായ സെര്വിന് വെങ്കല മെഡലില്‍ മുത്തംവച്ചത്.
അതേസമയം, വനിതാ വിഭാഗം ജാവലിന്‍ ത്രോയില്‍ അന്നു റാണിക്കു പോഡിയം ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. മൂന്നാം ശ്രമത്തിൽ 58.40 മീറ്റര്‍ ക്ലിയര്‍ ചെയ്ത അന്നു റാണി നാലാം സ്ഥാനത്തോടെ ഫീല്‍ഡ് വിട്ടു.
ആദ്യദിനം ഇന്ത്യ രണ്ടാമത്
ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം അവസാനിച്ചപ്പോള്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ഒരു സ്വര്‍ണവും ഒരു വെങ്കലവുമാണ് ആദ്യദിനം ഇന്ത്യയുടെ സമ്പാദ്യം.
39 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം, രണ്ടു വെള്ളി എന്നിങ്ങനെ ഏഴ് മെഡലുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. മൂന്നു വെള്ളിയും രണ്ട് വെങ്കലവുമടക്കം അഞ്ച് മെഡലുള്ള ജപ്പാനാണ് മൂന്നാമത്.