ഫ്രഞ്ച് ഓപ്പൺ: സിന്നര്‍, സ്വരേവ്, ജോക്കോ രണ്ടാം റൗണ്ടില്‍
Wednesday, May 28, 2025 1:07 AM IST
പാരീസ്: ഏക കളിമണ്‍ കോര്‍ട്ട് ഗ്രാന്സ്ലാമായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ മുന്‍നിരക്കാര്‍ മുന്നേറുന്നു.
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനി സിന്നര്‍, മൂന്നാം സീഡ് ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ്, ഒമ്പതാം സീഡ് അലക്സ് ഡി മിനൗര്‍, വനിതാ സിംഗിള്‍സ് ലോക രണ്ടാം നമ്പര്‍ അമേരിക്കയുടെ കൊക്കൊ ഗൗഫ് തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍.
വിലക്കിനുശേഷം ഈ മാസം കോര്‍ട്ടില്‍ തിരിച്ചെത്തിയ സിന്നര്‍, ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ആര്‍തര്‍ റിന്ഡര്ക്നെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കി. സ്കോര്‍: 6-4, 6-3, 7-5. അലക്സാണ്ടര്‍ സ്വരേവ് 6-3, 6-3, 6-4ന് അമേരിക്കയുടെ ലേണര്‍ ടിയാനെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചു.
24 ഗ്രാന്സ്ലാം സിംഗിള്‍സ് സ്വന്തമാക്കിയ സെര്‍ബിയന്‍ ഇതിസാഹം നൊവാക് ജോക്കോവിച്ചും രണ്ടാം റൗണ്ടിലേക്കു മുന്നേറി.
ആദ്യ റൗണ്ടില്‍ അമേരിക്കയുടെ മക്കെന്‍സി മക്ഡൊണാള്‍ഡിനെയാണ് ജോക്കോവിച്ച് കീഴടക്കിയത്; 6-3, 6-3, 6-3. 6വനിതാ സിംഗിള്‍സില്‍ കൊക്കൊ ഗൗഫ് ഓസ്ട്രേലിയയുടെ ഒലിവിയ ഗഡെക്കിയെ കീഴടക്കിയാണ് രണ്ടാം റൗണ്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-2, 6-2. അമേരിക്കയുടെ മാഡിസണ്‍ കീസ്, സോഫിയ കെനിന്, റഷ്യയുടെ മിറ ആന്‍ഡ്രീവ, എകറ്റെറിന അലക്സാഡ്രോവ തുടങ്ങിയവരും രണ്ടാം റൗണ്ടില്‍ ഇടംനേടി.
ദിമിത്രോവ്, മെദ്വദേവ് പുറത്ത്
അതേസമയം, ഒരു വശത്ത് അട്ടിമറി തുടരുന്നുണ്ട്. പുരുഷ സിംഗിള്‍സിന്റെ ആദ്യദിനം നാലാം സീഡായ അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സ് പുറത്തായതിനു പിന്നാലെ, രണ്ടാംദിനം റഷ്യയുടെ ഡാനില്‍ മെദ്വദേവ്, ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ് എന്നിവര്‍ പുറത്തായി. ദിമിത്രോവ് അമേരിക്കയുടെ ഏഥന് ക്വിന്നിനെതിരേ 6-2, 6-3, 2-6നു മുന്നിട്ടുനില്‍ക്കേ പരിക്കേറ്റ് പിന്മാറുകയായിരുന്നു.
11-ാം സീഡായ മെദ്വദേവിനെ ബ്രിട്ടന്റെ കാമറൂണ്‍ നോറി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചു. സ്കോര്‍: 7-5, 6-3, 4-6, 1-6, 7-5.