ഫ്രിറ്റ്സ് ഫ്രീസ്
Tuesday, May 27, 2025 1:01 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ 2025 സീസണില്‍ ആദ്യ അട്ടിമറി. പുരുഷ സിംഗിള്‍സില്‍ നാലാം സീഡായ അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സിനെ സീഡില്ലാത്ത ജര്‍മന്‍ താരം ഡാനിയല്‍ ആള്ട്ട്മെയര് അട്ടിമറിച്ചു. നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ 7-5, 3-6, 6-3, 6-1ന് ഫ്രിറ്റ്സിനെ ഫ്രീസാക്കി ആള്ട്ട്മെയര് രണ്ടാം റൗണ്ടിലേക്കു മുന്നേറി.
മുന്‍ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്കയെ ഞെട്ടിച്ച് ബ്രിട്ടന്റെ ജേക്കബ് ഫിയര്ലിയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 2015 ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ വാവ്റിങ്കയെ 6-7 (6-8), 3-6, 2-6 എന്ന സ്കോറിനാണ് ഫിയര്‍ലി വീഴ്ത്തിയത്.
വനിതാ സിംഗിള്‍സില്‍ ഒമ്പതാം നമ്പറായ അമേരിക്കയുടെ എമ്മ നവാരോയെ സീഡില്ലാത്ത സ്പാനിഷ് താരം ജെസീക്ക മനേയ്റൊ അട്ടിമറിച്ചു. സ്കോര്‍: 6-0, 6-1. നാലു ഗ്രാന്സ്ലാം സിംഗിള്‍സ് ജേതാവായ ജാപ്പനീസ് താരം നവോമി ഒസാക്കയെ 10-ാം സീഡായ സ്പാനിഷ് താരം പൗള ബഡോസ ആദ്യ റൗണ്ടില്‍ മറികടന്നു; 6-7 (1-7), 6-1, 6-4.
അല്‍കാരാസ്, ഇഗ, റൂഡ്
പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരാസ്, ഏഴാം സീഡ് ഡെന്മാര്ക്കിന്റെ കാസ്പര്‍ റൂഡ്, 20-ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍.
ഇറ്റലിയുടെ ജൂലിയൊ സെപ്പിയേരിയെയാണ് അല്‍കാരാസ് നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയത്. സ്കോര്‍: 6-3, 6-4, 6-2. കാസ്പര്‍ റൂഡ് 6-3, 6-4, 6-2ന് സ്പാനിഷ് താരം ആല്‍ബര്‍ട്ട് റാമോസ് വിനോലാസിനെ കീഴടക്കി.
വനിതാ സിംഗിള്‍സില്‍ നിലവിലെ കിരീടാവകാശി പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് രണ്ടാം റൗണ്ടില്‍. സ്ലോവാക്യയുടെ റെബേക്ക സ്രാംകോവയെയാണ് ആദ്യ റൗണ്ടില്‍ ഷ്യാങ്ടെക് കീഴടക്കിയത്. സ്കോര്‍: 6-3, 6-3. ബ്രിട്ടന്റെ യുവതാരം എമ്മ റഡുകാനുവാണ് രണ്ടാം റൗണ്ടില്‍ ഇഗയുടെ എതിരാളി.