227 റൺസ് ചേസ് ചെയ്ത് ജയിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
Wednesday, May 28, 2025 1:07 AM IST
ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത് റൺ ചേസിംഗിലൂടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രാജകീയ ജയം.
18-ാം സീസൺ ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ ആർസിബി ആറ് വിക്കറ്റിന് ലക്നോ സൂപ്പർ ജയന്റ്സിനെ കീഴടക്കി. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ (118 നോട്ടൗട്ട്) സെഞ്ചുറി മികവിൽ ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 227 റൺസ് കെട്ടിപ്പൊക്കി. എന്നാൽ, ക്യാപ്റ്റൻ ജിതേഷ് ശർമയുടെയും (33 പന്തിൽ 85 നോട്ടൗട്ട്), മായങ്ക് അഗർവാളിന്റെയും (23 പന്തിൽ 41 നോട്ടൗട്ട്) മികവിൽ ജയത്തിലെത്തി.
228 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഫിൽ സാൾട്ടും (19 പന്തിൽ 30) വിരാട് കോഹ്ലിയും (30 പന്തിൽ 54) ഓപ്പണിംഗ് വിക്കറ്റിൽ 5.4 ഓവറിൽ 61 റൺസ് അടിച്ചുകൂട്ടി. രജത് പാട്ടിദാർ (14), ലിയാം ലിവിംഗ്സ്റ്റൺ (0) എന്നിവർ വേഗം മടങ്ങിയെങ്കിലും പിന്നീട് ക്രീസിൽ ഒന്നിച്ച മായങ്ക് അഗർവാളും ജിതേഷ് ശർമയും ആർസിബിയെ ജയത്തിലേക്ക് അടുപ്പിച്ചു.
തീപന്ത്
2025 മെഗാ താരലേലത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരന് (27 കോടി രൂപ) എന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ ഋഷഭ് പന്ത് ആദ്യമായി മിന്നിത്തിളങ്ങിയ മത്സരമായിരുന്നു ഇന്നലത്തേത്.
2025 സീസണിലെ അവസാന ലീഗ് പോരാട്ടത്തില്‍ ടോസ് നേടിയ ലക്നോ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. എയ്ഡന്‍ മാക്രത്തിനു പകരമായി ഓപ്പണിംഗ് ഇറങ്ങിയ മാത്യു ബ്രീറ്റ്സ്കെയ്ക്ക് (12 പന്തില്‍ 14) കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. എന്നാല്‍, മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഋഷഭ് പന്ത് തകര്‍ത്തടിച്ചു. നേരിട്ട 29-ാം പന്തില്‍ പന്ത് അര്‍ധസെഞ്ചുറി നേടി.
ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനൊപ്പം രണ്ടാം വിക്കറ്റില്‍ 152 റണ്‍സ് കൂട്ടുകെട്ടും ഋഷഭ് പന്ത് പടുത്തുയര്‍ത്തി. 37 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും അടക്കം 67 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
61 പന്തില്‍ എട്ട് സിക്സും 11 ഫോറും അടക്കം 118 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. വിമർശകർക്കുള്ള മറുപടിയായി സെഞ്ചുറിക്കുശേഷം കരണംമറിഞ്ഞായിരുന്നു പന്തിന്റെ ആഹ്ലാദപ്രകടനം.
പ്ലേ ഓഫ് ഇങ്ങനെ
ഐപിഎൽ ക്വാളിഫയർ ഒന്നിൽ ലീഗ് ടേബിൾ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സിനെ രണ്ടാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നേരിടും. ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലാണ് പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടം.