ബംഗ്ലാദേശ് വീണ്ടും പുകയുന്നു
Wednesday, May 28, 2025 1:07 AM IST
ധാക്ക: ബംഗ്ലാദേശ് സർക്കാർ ജീവനക്കാരുടെ സമരം ശക്തിയാർജിക്കുന്നു. സമരക്കാരെ നേരിടാൻ മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അർധസൈനിക വിഭാഗത്തെ നിയോഗിച്ചു.
ധാക്കയിലെ സെക്രട്ടേറിയറ്റിൽ തുടർച്ചയായ നാലാം ദിവസവും ജീവനക്കാർ സമരത്തിലാണ്.മോശം പെരുമാറ്റത്തിന്റെ പേരിൽ എളുപ്പത്തിൽ പിരിച്ചുവിടാൻ അനുമതി നൽകുന്ന പുതിയ സർവീസ് നിയമത്തിനെതിരേയാണു പ്രതിഷേധം.
അർധസൈനിക വിഭാഗമായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി), പോലീസിന്റെ പ്രത്യേക വിഭാഗമായ സ്വാറ്റ് (എസ്ഡബ്ല്യുഎറ്റി), ആന്റി ക്രൈം റെയ്ഡ് ആക്ഷൻ ബറ്റാലിയൻ എന്നിവയെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങൾക്കു മുന്നിൽ വിന്യസിച്ചിരിക്കുന്നത്.
മാധ്യമപ്രവർത്തകർക്കും സന്ദർശകർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഇടക്കാല സർക്കാരിന്റെ സഖ്യകക്ഷിയായ വിദ്യാർഥിസംഘടന ജൂലൈ മഞ്ച സെക്രട്ടേറിയറ്റിനു പുറത്ത് സമരത്തെ അപലപിച്ച് റാലി നടത്തി.
ധാക്ക മെട്രോപൊളിറ്റൻ പോലീസ് (ഡിഎംപി) സെക്രട്ടേറിയറ്റിലും സമീപപ്രദേശങ്ങളിലും റാലികൾക്കും ഒത്തുചേരലുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച കൗൺസിൽ ഓഫ് അഡ്വൈസേഴ്സ് കരട് നിയമം അംഗീകരിച്ചതോടെയാണ് ജീവനക്കാരുടെ പ്രതിഷേധം ആരംഭിച്ചത്.
പബ്ലിക് സർവീസ് (ഭേദഗതി) ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും അന്യായവുമാണെന്ന് സമരക്കാർ പറയുന്നു. ഞായറാഴ്ച, സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാരുടെ സംഘടനകളും നിയമം പിൻവലിക്കുന്നതുവരെ സമരം പ്രഖ്യാപിച്ചു.
ബംഗ്ലാദേശ് സൈന്യവും ഇടക്കാല സർക്കാരും തമ്മിലുള്ള തർക്കത്തിനിടയിലാണ് സർക്കാർ ജീവനക്കാരുടെ സമരം ഉണ്ടായിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ, ഇടക്കാല ഭരണകൂടവുമായി യോജിച്ചു പ്രവർത്തിക്കുമെന്ന് സൈന്യം പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച, സൈനിക കര, നാവിക, വ്യോമസേനാ മേധാവികൾ യൂനുസിനെ കണ്ട് ഡിസംബറോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ആവർത്തിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ ഏതാനും ആഴ്ചകളായി ധാക്കയിൽ ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.