റഷ്യൻ വ്യോമാക്രമണം; പുടിനു ഭ്രാന്താണെന്ന് ട്രംപ്
Tuesday, May 27, 2025 1:02 AM IST
വാഷിംഗ്ടൺ: തുടർച്ചയായ മൂന്നാം ദിവസവും യുക്രെയ്നുനേരേ ഡ്രോണുകളും മിസൈലുകളും വർഷിച്ച സംഭവത്തിൽ റഷ്യക്കെതിരേ അമർഷം പ്രകടിപ്പിച്ച് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഭ്രാന്താണെന്ന് ട്രംപ് പറഞ്ഞു.
പുടിനുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം ശരിക്കും ഭ്രാന്തനായി മാറിയിരിക്കുകയാണ്- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പുടിൻ അനാവശ്യമായി നിരവധി ആളുകളെ കൊല്ലുന്നു. ഒരു കാരണവുമില്ലാതെ മിസൈലുകളും ഡ്രോണുകളും യുക്രെയ്നിലെ നഗരങ്ങളെ ലക്ഷ്യംവയ്ക്കുന്നു. മുഴുവൻ യുക്രെയ്നും കീഴടക്കാനാണ് പുടിൻ ആഗ്രഹിക്കുന്നതെങ്കിൽ അത് റഷ്യയുടെ നാശത്തിലേക്ക് നയിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.
യുദ്ധം തുടങ്ങിയതിനു ശേഷം യുക്രെയ്നു നേർക്കുള്ള റഷ്യയുടെ ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെയും ട്രംപ് വിമർശിച്ചു. സെലൻസ്കിയുടെ വായിൽനിന്നു വരുന്ന വാക്കുകളാണു പ്രശ്നം സൃഷ്ടിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. സെലൻസ്കിയുടെ വാക്കുകളാണു പ്രശ്നം. തനിക്കത് ഇഷ്ടമല്ല. അത് നിർത്തുന്നതാണു നല്ലത്- ട്രംപ് പറഞ്ഞു.
റഷ്യൻ ആക്രമണത്തിൽ അമേരിക്ക നിശബ്ദത പാലിക്കുകയാണെന്ന സെലൻസ്കിയുടെ വിമർശനത്തിനു പിന്നാലെയാണ് ട്രംപിന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്.