ഗാസയിൽ 52 പേർ കൊല്ലപ്പെട്ടു
Tuesday, May 27, 2025 1:02 AM IST
ദെയ്ർ അൽ ബലാഹ്: ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാന്പിലുണ്ടായിരുന്ന 36 പേരും ഇതിലുൾപ്പെടും. കെട്ടിടത്തിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അന്തേവാസികൾ ഉറങ്ങിക്കിടക്കുന്പോഴായിരുന്നു ആക്രമണം.
എന്നാൽ, ഹമാസും ഇസ്ലാമിക് ജിഹാദും ആക്രമണങ്ങൾ നടത്താനുതകുന്ന വിവരങ്ങൾ ശേഖരിച്ചിരുന്ന കേന്ദ്രം സ്കൂളിനുള്ളിൽ പ്രവർത്തിച്ചിരുന്നുവെന്ന് ഇസ്രയേൽ പറയുന്നു.
യുഎസിന്റെ പിൻതുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വഴി സഹായം വിതരണം ചെയ്യാനും ഇസ്രയേൽ പദ്ധതിയിടുന്നുണ്ട്. യുഎൻ ഏജൻസികളും മറ്റ് സന്നദ്ധ സംഘടനകളും ഇതിനെ എതിർക്കുന്നുണ്ട്.
ഗാസയുടെ പൂർണനിയന്ത്രണം ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ടു പോകുന്ന ഇസ്രയേലിന്റെ ആക്രമണങ്ങൾ ഇതുവരെ പ്രദേശത്തെ 90 ശതമാനം ജനങ്ങളെയും അഭയാർഥികളാക്കിയെന്നാണു റിപ്പോർട്ട്.