1000 കോടി വെള്ളത്തിൽ; മുങ്ങിയ കപ്പല്‍ ഉപേക്ഷിച്ചു
Wednesday, May 28, 2025 2:36 AM IST
കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ വീണ്ടെടുക്കില്ല. വലിയ തുക ചെലവഴിക്കേണ്ടിവരുമെന്നതിനാലാണു തീരുമാനം. കപ്പലിനൊപ്പം മുങ്ങിയ ചരക്കുകളും ഇതോടൊപ്പം ഉപേക്ഷിക്കും. അപകടത്തില്‍ നഷ്ടപ്പെട്ട ചരക്കുകള്‍ക്കു മാത്രം ഏകദേശം 800 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
കപ്പലും കണ്ടെയ്നറുകളും കാര്‍ഗോകളും അടക്കം 1000 കോടിക്കു മുകളില്‍ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഷിപ്പിംഗ് കമ്പനി അധികൃതര്‍ അറിയിച്ചു. അതേസമയം, കപ്പല്‍ കടലില്‍ ഉപേക്ഷിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു വഴിതുറന്നേക്കുമെന്നതിനാൽ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാകും. കപ്പല്‍ച്ചാലില്‍ യന്ത്രഭാഗങ്ങള്‍ ഉപേക്ഷിക്കുന്നത് കപ്പല്‍ ഗതാഗതത്തിനും മത്സ്യസമ്പത്തിനും ദോഷകരമായേക്കുമെന്നതിനാൽ തുടര്‍നടപടികള്‍ നിര്‍ണായകമാകും.
കപ്പല്‍ ഉയര്‍ത്തുന്നതിന് പ്രധാന വെല്ലുവിളി ഭീമമായ തുകയാണ്. കപ്പലിന്റെ കാലപ്പഴക്കവും നഷ്ടപ്പെട്ട ചരക്കുകളുടെ നഷ്ടവും കണക്കാക്കുമ്പോള്‍ ഇതിന്റെ ഇരട്ടിയിലധികം തുകയാണ് വീണ്ടെടുക്കാന്‍ ചെലവഴിക്കേണ്ടിവരിക. ഇതിനുപുറമെ പ്രതികൂല കാലാവസ്ഥയില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ എത്രസമയം വേണമെന്ന് മുന്‍കൂട്ടി കണക്കാക്കാനും കഴിയില്ല. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് കപ്പലും കാര്‍ഗോകളും ഉപേക്ഷിക്കാന്‍ ഷിപ്പിംഗ് കമ്പനി തീരുമാനിച്ചുള്ളത്. കപ്പലിന്റെ സ്ഥിരത സംബന്ധിച്ച പ്രശ്നങ്ങളാണ് അപകടത്തിനു വഴിവച്ചിട്ടുള്ളതെന്നാണ് ഷിപ്പിംഗ് കമ്പനി നല്കുന്ന പ്രാഥമിക വിവരം.
അഞ്ച് കിലോമീറ്ററോളം എണ്ണപ്പാട
സമീപം അറബിക്കടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പല്‍ ‘എംഎസ്സി എല്‍സ 3’ല്‍നിന്നു ചോര്‍ന്ന എണ്ണ തീരത്ത് എത്താതിരിക്കാനുള്ള നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അപകടത്തിനു പിന്നാലെ ആദ്യഘട്ടത്തില്‍ ചോര്‍ന്ന എണ്ണ അഞ്ചു കിലോമീറ്ററോളം വ്യാപിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ബൂം (പ്രത്യേക തടയണ) ചെയ്യാന്‍ ഇന്നലെ കഴിഞ്ഞില്ല. എണ്ണയും കണ്ടെയ്നറുകളും നീക്കം ചെയ്യാന്‍ കപ്പല്‍ കമ്പനി കരാറിലേര്‍പ്പെട്ട സ്ഥാപനം ദൗത്യം ഏറ്റെടുക്കുന്നതുവരെ നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്നുള്ള സംയുക്ത ദൗത്യം തുടരും.
എണ്ണപ്പാട തീരത്തടിഞ്ഞാല്‍ ഈ മേഖല പൂര്‍ണമായും വൃത്തിയാക്കും. അപകടകരമായ മാലിന്യമുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തില്‍ എത്തിച്ചു സംസ്കരിച്ച് എണ്ണ ശുദ്ധീകരിക്കും.
ബൂം ബാരിയര്‍ വായു നിറച്ച ട്യൂബിനു സമാനമായ വസ്തുപോലെ പൊങ്ങിക്കിടക്കുന്ന തരത്തില്‍ എണ്ണപ്പാടയ്ക്കു ചുറ്റുമായി സ്ഥാപിക്കും. ഇതുവഴി എണ്ണ പടരുന്നത് തടയാന്‍ കഴിയും. ഇത്തരത്തില്‍ തടഞ്ഞുനിർത്തിയ എണ്ണ പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ പമ്പ് ചെയ്തു ബാരലില്‍ സംഭരിക്കും. ഇത് പിന്നീട് ശുദ്ധീകരിച്ചെടുക്കും.
എണ്ണ ആഗിരണം ചെയ്യുന്ന പ്രത്യേക വസ്തുക്കള്‍ ഉപയോഗിച്ച് എണ്ണപ്പാട ഇല്ലാതാക്കുന്നതാണ് മറ്റൊരു വഴി. ഈ രീതിയാണ് ഡോര്‍ണിയര്‍ വിമാനത്തിലൂടെയുള്ള ഓയില്‍ സ്പില്‍ ഡിസ്പേഴ്സന്റ്.
പരന്നൊഴുകുന്ന പ്ലാസ്റ്റിക് തരികൾ മത്സ്യസന്പത്തിനും ഭീഷണി
തിരുവനന്തപുരം: പോളിത്തീൻ പ്ലാസ്റ്റിക്കിന്റെ നിർമാണത്തിനുപയോഗിക്കുന്ന തരികൾ കടലിൽ പരന്നൊഴുകുന്നത് മത്സ്യസന്പത്തിനും കടുത്ത ഭീഷണിയാകുമെന്നു വിദഗ്ധർ.
ഇത്തരം തരികൾ മത്സ്യം ഭക്ഷിക്കുന്നതു വഴി മത്സ്യസന്പത്തിനു ഭീഷണിയാകും. ഈ മത്സ്യം ഭക്ഷിക്കുന്ന മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ധർ പറയുന്നു. കടലിൽ പരന്നൊഴുകുന്ന ഗ്രാന്യൂളുകൾ പൂർണമായി നീക്കം ചെയ്യാൻ സർക്കാർ ഇതുവരെ ശ്രമം തുടങ്ങിയിട്ടില്ല.
മത്സ്യസന്പത്ത് ഒന്നാകെ നശിപ്പിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവിത മാർഗത്തേയും ഗുരുതരമായി ബാധിക്കുമെന്നു മത്സ്യത്തൊഴിലാളി സംഘടനകൾ പറയുന്നു.
കപ്പലിന്റെ കാലപ്പഴക്കം ഇന്‍ഷ്വറന്‍സിനെ ബാധിച്ചേക്കും
1997ല്‍ നിര്‍മിതമായ ‘എംഎസ്സി എല്‍സ3’ ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. 25 വര്‍ഷം വരെയാണ് കപ്പലിന്റെ കാലാവധി. മറ്റു രേഖകളെല്ലാം ഉണ്ടെങ്കിലും നിലവില്‍ ഈ പരിധിയും കടന്ന് മൂന്നു വര്‍ഷത്തിലധികമായി സര്‍വീസ് നടത്തിവരികയാണ് കപ്പല്‍. ഇത് ഇന്‍ഷ്വറന്‍സ് പരിരക്ഷയെ ബാധിച്ചേക്കുമെന്നാണ് വിവരം.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനു കീഴിലുള്ള മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാട്ട്മെന്റാണ്(എംഎംഡി) കാലാവധി പൂര്‍ത്തിയാക്കിയ കപ്പലുകള്‍ ഒഴിവാക്കേണ്ടത്. ആറു മാസത്തിനുള്ളില്‍ ഇന്‍ഷ്വറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കും.
183.9 മീറ്റര്‍ നീളവും 25.3 മീറ്റര്‍ വീതിയുമുള്ള കപ്പലിന് 16,799 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. കടല്‍ ശാന്തമായി കാണാറുള്ള സീസണുകളില്‍ 20,000 ടണ്‍ വരെ ഭാരം കയറ്റാറുണ്ട്. 1,500 കണ്ടെയ്നറുകള്‍ അടുക്കിവയ്ക്കാനുള്ള സൗകര്യം കപ്പലിലുണ്ട്. 16,600 കിലോവാട്ടാണ് കപ്പലിന്റെ എന്ജിന് പവര്‍. തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, മംഗലാപുരം തുറമുഖങ്ങൾ വഴിയാണ് ഈ കപ്പല്‍ സര്‍വീസ് നടത്തുന്നത്.