മാർപാപ്പയുടെ പേരില്‍ വ്യാജ വീഡിയോകൾ; ചാനലിനു പൂട്ടിട്ട് യുട്യൂബ്
Wednesday, May 28, 2025 2:37 AM IST
ന്യൂയോര്‍ക്ക്/വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരില്‍ വ്യാജ പ്രചാരണവും ഊഹാപോഹങ്ങളും നിറച്ച് നിർമിതബുദ്ധി ഉപയോഗിച്ചു വീഡിയോ തയാറാക്കിയ യുട്യൂബ് ചാനലിനു വിലക്ക്.
ലെയോ മാർപാപ്പ മുന്‍പൊരിക്കലും പറയാത്ത കാര്യങ്ങൾ ഔദ്യോഗികമായി തോന്നിക്കുന്ന വിധത്തില്‍ തയാറാക്കിയ എഐ വീഡിയോകളാണ് യുട്യൂബ് നീക്കം ചെയ്തത്.
ലെയോ പതിനാലാമൻ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് മൂന്നാഴ്ച മാത്രമേ ആയിട്ടുള്ളൂവെങ്കിലും മാർപാപ്പയുടെ പേരില്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോകള്‍ നിർമിക്കുന്നത് കൂടിവരികയാണ്. ഇതിനിടെയാണ് വ്യാപക കുപ്രചാരണം നടത്തിയ Pope Leo XIV’s Sermons എന്ന ചാനലിന് യുട്യൂബ് വിലക്കിട്ടത്.
ഇതിനിടെ, ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയുടെ പ്രസിഡന്റിനെ ലെയോ മാർപാപ്പ അഭിസംബോധന ചെയ്തതായി പറയപ്പെടുന്ന 36 മിനിറ്റ് ദൈർഘ്യമുള്ള വ്യാജ വീഡിയോ പ്രചാരണത്തെ അപലപിച്ചു വത്തിക്കാന്‍ രംഗത്തെത്തി.
36 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒരു വീഡിയോയാണ് പാൻ ആഫ്രിക്കൻ ഡ്രീംസ് എന്ന അക്കൗണ്ടിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടത്. കഴിഞ്ഞ 12നാണ് മാർപാപ്പ മാധ്യമപ്രവർത്തകർക്ക് കൂടിക്കാഴ്ച അനുവദിച്ചത്. നൂ സെ ലെഗ്ലിസ് എന്ന യുട്യൂബ് അക്കൗണ്ടും മാർപാപ്പയുടെ പേരിൽ വ്യാജ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു.
നിർമിതബുദ്ധി ഉപയോഗിച്ചും മോർഫിംഗ് പോലുള്ള മറ്റു സാങ്കേതികവിദ്യകളുടെ സഹായത്തോടെയും ഇതുപോലെയുള്ള വ്യാജ വീഡിയോകളും ചിത്രങ്ങളും അർധസത്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, മാർപാപ്പയുടെ പ്രഭാഷണങ്ങൾക്കും കൂടിക്കാഴ്ചകൾക്കും രേഖകൾക്കുമായി വിവിധ ഭാഷകളിലുള്ള വത്തിക്കാന്റെ വെബ്സൈറ്റും (vatican.va), മാർപാപ്പയുമായി ബന്ധപ്പെട്ട വാർത്തകൾക്കും വീഡിയോ സന്ദേശങ്ങൾക്കും അദ്ദേഹത്തിന്റെ വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കും മലയാളത്തിലുൾപ്പെടെ 56 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വത്തിക്കാൻ ന്യൂസ് വെബ്സൈറ്റും (vaticannews. va/) ഒസെർവത്തോറെ റൊമാനൊ എന്ന പത്രത്തിന്റെ വെബ് സൈറ്റും (osservatore romano.va) ഉപയോഗിക്കണമെന്ന് വത്തിക്കാന്‍ മീഡിയ അഭ്യർഥിച്ചു.