മോദി സർക്കാരിന്റെ വിദേശനയം പൂർണ പരാജയം: കോണ്‍ഗ്രസ്
Wednesday, May 28, 2025 2:37 AM IST
ന്യൂഡൽഹി: മോദിസർക്കാരിന്റെ വിദേശനയം പൂർണ പരാജയമാണെന്ന് കോണ്‍ഗ്രസ്. പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങൾക്കിടയിൽ ഒരൊറ്റ രാജ്യം പോലും ഇന്ത്യക്കൊപ്പം നിലകൊണ്ടില്ലെന്നും രാജ്യം പൂർണമായും ഒറ്റപ്പെട്ടെന്നും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവൻ പവൻ ഖേര ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ തീവ്രവാദികൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയെയും പാക്കിസ്ഥാനെയും അമേരിക്ക കൂട്ടിയിണക്കിയശേഷം മധ്യപൂർവേഷ്യൻ രാജ്യങ്ങളും സമാനപാത പിന്തുടരുകയാണ്. പാക്കിസ്ഥാനുമേലുള്ള വീസ നിരോധനം കുവൈറ്റ് നീക്കം ചെയ്തു. അവരുമായി വ്യാപാരക്കരാറിൽ ഒപ്പിട്ടു.
കുവൈറ്റിലെ വിദേശ തൊഴിലാളികളിൽ 21 ശതമാനം വരുന്ന ഇന്ത്യക്കാരെ ഈ നീക്കം പ്രതികൂലമായി ബാധിക്കും. യുഎഇ പാക്കിസ്ഥാനുവേണ്ടി അഞ്ചു വർഷ വീസ സംവിധാനം നീട്ടി നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനെ തീവ്രവാദ രാജ്യമാക്കി ഉയർത്തിക്കാട്ടാനുള്ള ഇന്ത്യയുടെ നീക്കത്തെ ഒരു രാജ്യവും പിന്തുണച്ചിട്ടില്ലെന്നും ഇതു വ്യക്തമാക്കുന്നത് ഇന്ത്യയുടെ വിദേശനയം പരാജയമായി മാറിയെന്ന വസ്തുതയല്ലേയെന്നും പവൻ ഖേര പറഞ്ഞു.
തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കാൻ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള എംപിമാരുടെ പ്രതിനിധിസംഘം വിദേശസന്ദർശനം നടത്തുന്പോഴാണ് മോദിസർക്കാരിന്റെ വിദേശനയത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നത്.