കാണാതായ വനിതാ പഞ്ചായത്ത് അംഗത്തെയും മക്കളെയും കണ്ടെത്തി
Tuesday, May 27, 2025 9:26 PM IST
കൊച്ചി: കോട്ടയത്തുനിന്ന് കാണാതായ പഞ്ചായത്ത് അംഗത്തെയും പെണ്മക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്തിലെ 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളെയുമാണ് എറണാകുളത്തെ ഒരു ഹോട്ടലിൽ നിന്ന് കണ്ടെത്തിയത്.
ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിന്റെ പേരിലാണ് മക്കളുമായി വീട് വിട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഐസിയുടെ ഭര്‍ത്താവ് സാജന് നേരത്തെ മരിച്ചതാണ്. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ സ്വത്ത് വീതംവെച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതി കേട്ട ഏറ്റുമാനൂര്‍ പോലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. പോലീസ് നിര്‍ദേശം അനുസരിച്ച് സ്വത്ത് നല്‍കാമെന്ന് ബന്ധുക്കള്‍ ഐസിയെ അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് പോലീസിനും ബന്ധുക്കള്‍ക്കുമെതിരേ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഐസിയും മക്കളും വീടുവിട്ടിറങ്ങിയത്.